കല്പറ്റ: വയനാട് ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളെ ഒന്നാകെ വിഴുങ്ങി ഉരുള്‍പ്പൊട്ടിയിറങ്ങിയപ്പോള്‍ സംസ്ഥാനം ഇന്നോളം കാണാത്ത ദുരന്തത്തെയാണ് അഭിമുഖീകരിക്കുന്നത്. 250ഓളം പേര്‍ കുടുങ്ങികിടക്കുന്ന ദുരന്തമുഖത്തേക്ക് ഇനിയും രക്ഷാപ്രവര്‍ത്തകര്‍ക്ക് കടന്നുചെല്ലാനായിട്ടില്ല. സമയം കടന്നുപോകുന്നത് രക്ഷാപ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നുണ്ട്. നിരവധിപേരാണ് ഇനിയും മണ്ണിനടയില്‍ കുടുങ്ങികിടക്കുന്നത്. ഇരുള്‍ പരന്നു കഴിഞ്ഞാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരിക്കും.
മുണ്ടക്കൈ ഏതാണ്ട് ഒറ്റപ്പെട്ടനിലയിലാണ്. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയിരിക്കുകയാണ്. അവിടേക്ക് എത്തിപ്പെടാന്‍സാധിക്കാത്ത അവസ്ഥയാണുള്ളത്. വ്യോമസേന സുലൂരില്‍ നിന്ന് രണ്ട് ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി അയച്ചിട്ടുണ്ടെങ്കിലും കാലാവസ്ഥ പ്രതികൂലമായി നില്‍ക്കുന്നത് എയര്‍ലിഫ്റ്റിങിനും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മുണ്ടക്കൈയില്‍ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്.
ഉരുള്‍പൊട്ടലില്‍ തകര്‍ന്ന പാലത്തിനു പകരം സൈന്യം ബദല്‍ സംവിധാനം ഒരുക്കാനാണ് തുടങ്ങുന്നത്. സൈന്യത്തിന്റെ എന്‍ജിനിയറിങ് ഗ്രൂപ്പ് വയനാട്ടിലേക്കുതിരിച്ചിട്ടുണ്ട്. ബെംഗളൂരില്‍ നിന്നും സംഘമെത്തി താത്ക്കാലിക പാലം പണിതുകഴിഞ്ഞാല്‍ മേഖലയുമായുള്ള ബന്ധം പുനസ്ഥാപിക്കാനും രക്ഷാദൗത്യത്തിലേക്ക് കടക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.
വയനാട് ജില്ലയില്‍ മഴ തുടരുന്നതും ആശങ്ക വര്‍ധിപ്പിക്കുകയാണ്. വരും മണിക്കൂറുകളില്‍ കാലവസ്ഥ അനുകൂലമായാല്‍ എയര്‍ലിഫ്റ്റിങിനും മേഖലയുമായി ബന്ധപ്പെടുന്നതിന് ബദല്‍ സംവിധാനങ്ങളും ഒരുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണുള്ളത്.