കല്‍പറ്റ: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മുണ്ടക്കൈയും അട്ടമലയും പൂര്‍ണമായി ഒറ്റപ്പെട്ട നിലയില്‍. ഇരുമേഖലകളിലുമായി നാനൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ട് പോയിരിക്കുന്നത്. ഇതുവരെ 62 മൃതദേഹങ്ങള്‍ കണ്ടെത്തി. 14 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. രക്ഷാ പ്രവര്‍ത്തനം അതീവ ദുഷ്‌കരമായി തുടരുകയാണെന്ന് ദൗത്യ സംഘം വ്യക്തമാക്കി.
മൂന്ന് ലയങ്ങള്‍ ഒലിച്ചു പോയി. ആയിരക്കണക്കിന് ആളുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരിക്കുന്നത്. നിരവധി പേര്‍ മണ്ണിനടിയില്‍ കുടങ്ങിക്കിടക്കുകയാണ്. ആര്‍മിയും ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. നിരവധി വീടുകള്‍ മണ്ണിനടിയിലാണ്.
അതേസമയം, വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ തിരിച്ച മന്ത്രിമാരുടെ സംഘം കോഴിക്കോടെത്തി. മന്ത്രിമാരായ കെ രാജന്‍, പിഎ മുഹമ്മദ് റിയാസ്, ഒ ആര്‍ കേളു എന്നിവരാണ് വിമാനമാര്‍ഗ്ഗം കോഴിക്കോട് എത്തിയത്. ഇവര്‍ വയനാട്ടിലേക്ക് തിരിച്ചു.