കനത്ത മഴ തുടരും; എങ്ങും ജാഗ്രതാ നിര്‍ദേശം

0
36

തിരുവനന്തപുരം: വടക്കന്‍ ജില്ലകളില്‍ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്. സംസ്ഥാനത്തുടനീളം കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യുന മര്‍ദ്ദ പാത്തിയുണ്ട്. അതോടൊപ്പം പടിഞ്ഞാറന്‍ -വടക്കു പടിഞ്ഞാറന്‍ കാറ്റ് അടുത്ത ദിവസങ്ങളില്‍ ശക്തമായി തുടരാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ മാറി താമസിക്കണം. ജലാശയങ്ങളില്‍ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉണ്ട്.

കോഴിക്കോട് ജില്ലയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ബീച്ചുകളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കും നദീതീരം-ജലാശയങ്ങളിലേക്കുമുള്ള പ്രവേശനവും വിലക്കി. മലയോരം, ചുരം പ്രദേശങ്ങളിലേക്ക് രാത്രി യാത്രക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here