ചൂരല്‍മല: ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈയിലും ചൂരല്‍മലയിലും തകര്‍ന്നു കിടക്കുന്ന വീടുകളില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങികിടക്കുന്നതായി സംശയം. മലവെള്ളവും പാറക്കല്ലുകളും ചെളിയും നിറഞ്ഞ് തകര്‍ന്നു കിടക്കുന്ന നിരവധി വീടുകള്‍ ഈ ഭാഗത്തുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. മലവെള്ളത്തില്‍ വന്നടിഞ്ഞ വന്‍മരങ്ങള്‍ക്കിടയിലും ആളുകളുണ്ടെന്നു സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇന്നലെ ഇവിടേക്ക് എത്തിച്ചേരാന്‍ സാധിച്ചില്ല. പ്രദേശത്തു കനത്ത മഴ പെയ്യുന്നതും മുണ്ടക്കൈ പാലം ഒലിച്ചുപോയി യാത്രാമാര്‍ഗം അടഞ്ഞതും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നു.
തിരച്ചിലിനു സഹായിക്കാന്‍ മറ്റു ജില്ലകളില്‍നിന്നു പൊലീസ് ഡ്രോണുകള്‍ ഇന്നെത്തിക്കും. മെറ്റല്‍ ഡിറ്റക്റ്ററുകളുമെത്തും. മൃതദേഹങ്ങള്‍ തിരഞ്ഞു കണ്ടുപിടിക്കാന്‍ പൊലീസ് നായ്ക്കളെയും എത്തിക്കും. സൈന്യത്തിന്റെ നായ്ക്കളെ എത്തിക്കാനും ശ്രമിക്കുന്നു. ബെംഗളൂരുവില്‍നിന്നു കരസേനാവിഭാഗവും ഇന്നെത്തും. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കാന്‍ കോഴിക്കോട്ടുനിന്നു ഫൊറന്‍സിക് സംഘത്തെ നിയോഗിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യവകുപ്പ് സേവനം ഉറപ്പാക്കി. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും. ഹെലികോപ്റ്ററുകളും എത്തിക്കും.
ഉരുള്‍പൊട്ടല്‍ കണ്ട് ഓടിരക്ഷപ്പെട്ടു മുണ്ടക്കൈയിലെ റിസോര്‍ട്ടിലും മദ്രസയിലും ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിലും കുന്നിന്‍മുകളിലും എത്തിയ നൂറുകണക്കിനാളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. ഉയര്‍ന്ന പ്രദേശങ്ങളില്‍ കയറിനില്‍ക്കുന്നവരെ പൂര്‍ണമായും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റാന്‍ രാത്രി വൈകിയും കഴിഞ്ഞിട്ടില്ല.
രണ്ടു തവണയായാണ് ഉരുള്‍പൊട്ടിയത്. മുണ്ടക്കൈ പുഞ്ചിരിമട്ടത്തെ പ്രഭവകേന്ദ്രത്തില്‍നിന്നു കുതിച്ചൊഴുകിയെത്തിയ മലവെള്ളവും കൂറ്റന്‍ പാറക്കല്ലുകളും മുണ്ടക്കൈ ഗ്രാമത്തെ ഇല്ലാതാക്കി ചൂരല്‍മല ടൗണിലേക്കു കുതിച്ചെത്തുകയായിരുന്നു. രണ്ടു നിലക്കെട്ടിടത്തിന്റെ ഉയരത്തിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്. 2019ല്‍ ഉരുള്‍പൊട്ടല്‍ദുരന്തമുണ്ടായ പുത്തുമലയില്‍നിന്നു 2 കിലോമീറ്റര്‍ മാത്രം അകലെയാണു ചൂരല്‍മല.