കുന്നംകുളം: ഒമ്പതുവയസുള്ള ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധലൈംഗിക പീഡനത്തിന് വിധേയമാക്കിയ മധ്യവയസ്‌കനെ കുന്നംകുളം പോക്‌സോ കോടതി നാല് ജീവപര്യന്തം തടവിനും നാല് ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പിഴസംഖ്യയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ ഇരയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.
പുന്നയൂര്‍ക്കുളം പരൂര്‍ ഏഴികോട്ടയില്‍ വീട്ടില്‍ ജമാലുദ്ദീനെ(52)യാണ് കുന്നംകുളം പോക്‌സോ കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്. കേരളത്തിലെ കോടതി വിധികളുടെ ചരിത്രത്തില്‍ ആദ്യമായാണ് പ്രകൃതി വിരുദ്ധ പീഡനം നടത്തിയ കേസില്‍ പ്രതിക്ക് നാല് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുന്നത്.
2023 മാര്‍ച്ചില്‍ ആണ്‍കുട്ടിയുടെ വീട്ടില്‍ പലതവണ വന്ന പ്രതി കുട്ടിയെ തുടര്‍ച്ചയായി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയമാക്കി. കുട്ടി അസ്വസ്ഥതകള്‍ കാണിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച് ചികിത്സ നടത്തി.
തുടര്‍ന്ന് ആശുപത്രിയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ വടക്കേക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഭാര്യയും കുട്ടികളുമുള്ള കൂലിപ്പണിക്കാരനായ ജമാലുദ്ദീനെ കോടതി നാല് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജീവപര്യന്തം എന്നാല്‍ മരണംവരെയെന്ന് ഉത്തരവില്‍ കോടതി പ്രത്യേകം വിവരിച്ചിട്ടുണ്ട്.
ഈ കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കെ ഇയാള്‍ മറ്റൊരു കുട്ടിയെയും പീഡിപ്പിക്കുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് പ്രതി യാതൊരു കാരണവശാലും ദയ അര്‍ഹിക്കുന്നില്ലെന്ന നിഗമനത്തിലെത്തിയ കോടതി നാലു ജീവപര്യന്തം തടവു ശിക്ഷ വിധിച്ചത്.