വാടാനപ്പള്ളി: തന്റെ സ്വത്തുക്കള്‍ എല്ലാം മകള്‍ക്ക് എഴുതിവെച്ച് അമ്മ സ്വയം ഒരുക്കിയ ചിതയില്‍ ചാടി ജീവനൊടുക്കി. തൃത്തല്ലൂര്‍ ഏഴാംകല്ല് കോഴിശേരി പരേതനായ രമേഷിന്റെ ഭാര്യ ഷൈനി(52)യാണ് മരിച്ചത്. ദുബായിലായിരുന്ന മകള്‍ ബിലു ഇന്നലെ പുലര്‍ച്ചെ എത്തിയപ്പോഴാണ് മരണവിവരം അറിഞ്ഞത്. ശരീരം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
മകള്‍ വന്നപ്പോള്‍ ആദ്യം കണ്ടത് താക്കോല്‍ വച്ച സ്ഥലം സൂചിപ്പിച്ച് ഒട്ടിച്ചുവെച്ച കുറിപ്പടിയാണ്. വീടിനകത്ത് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. ഉടനെ അയല്‍ക്കാരെ വിളിച്ചുവരുത്തി നടത്തിയ തെരച്ചിലിലാണ് കത്തിത്തീര്‍ന്ന ചിത കാണാനിടയായത്.
വീട്ടുവളപ്പില്‍ മതിലിനോട് ചേര്‍ന്ന് വേലി കെട്ടുന്ന പ്ലാസ്റ്റിക് ഷീറ്റ്‌കൊണ്ട് മറച്ചുകെട്ടി അതിനുള്ളില്‍ വിറകുകള്‍ കൂട്ടി ചിതയൊരുക്കുകയായിരുന്നു. തിങ്കളാഴ്ച സന്ധ്യയോടെ ഷൈനിയുടെ വീട്ടുവളപ്പില്‍ നിന്ന് തീ ഉയരുന്നതു കണ്ടതായി അയല്‍വീട്ടുകാര്‍ പറഞ്ഞു. മകള്‍ വരുന്നതിനാല്‍ ചവറുകള്‍ അടിച്ചുകൂട്ടി കത്തിക്കുന്നതായിരിക്കുമെന്നാണ് അയല്‍ക്കാര്‍ കരുതിയത്. പ്ലാസ്റ്റിക്ക് ഷീറ്റ് മറച്ചിരുന്നതിനാല്‍ കാഴ്ചയും വ്യക്തമായിരുന്നില്ല.
ഷൈനിയുടെ അക്കൗണ്ടിലെ തുകമുഴുവന്‍ മകളുടെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു. നേരത്തെ ഷൈനി വാടകയ്ക്ക് കൊടുത്ത കടമുറിയുടെ വാടക മകളുടെ അക്കൗണ്ടിലേക്ക് അയച്ചാല്‍മതിയെന്ന് വാടകക്കാരനോടും പറഞ്ഞിരുന്നു.
ഒരു വര്‍ഷം മുമ്പ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്ന ഇള.മകള്‍ കൃഷ്ണ മരിച്ചിരുന്നു. അതിനുശേഷം ഷൈനി മാനസികമായി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായും പറയുന്നു. മൃതദേഹം വാടനപ്പള്ളി പൊലീസ് ഇന്‍ക്വസ്റ്റിനുശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തി.