തിരുവനന്തപുരം: കൊറിയര്‍ നല്‍കാനെന്ന വ്യാജേന വഞ്ചിയൂരിലെ വീട്ടിലെത്തി എയര്‍ഗണ്‍ കൊണ്ട് വെടിവച്ചു പരുക്കേല്‍പിച്ച കേസിലെ പ്രതി പിടിയില്‍. സ്വകാര്യ മെഡിക്കല്‍ കോളജിലെ ഡോക്ടറായ ഡോ.ദീപ്തിമോള്‍ ജോസ് (37) ആണ് അറസ്റ്റിലായത്.. ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് യുവതിയെ വീട്ടില്‍ കയറി വെടിവെച്ചത്. അറസ്റ്റിലായ ദീപ്തിയെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
ഷിനിയുടെ ഭര്‍ത്താവുമായുള്ള പ്രശ്‌നമാണ് വെടിവെപ്പിന് കാരണമെന്നാണ് വിവരം. ഓണ്‍ലൈന്‍ വഴി വാങ്ങിയ തോക്ക് ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയത്.
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ പള്‍മനോളജിസ്റ്റായ ദീപ്തിയെ ജോലി ചെയ്യുന്ന ആശുപത്രിയില്‍ നിന്ന് ഇന്നലെ ഉച്ചയോടെയാണ് പിടികൂടിയത്. ഇവരുടെ ഭര്‍ത്താവും ഡോക്ടറാണ്. ആക്രമണം നടത്തിയ ശേഷം ദീപ്തി രക്ഷപ്പെട്ട കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഷിനിക്ക് പാഴ്‌സല്‍ നല്‍കാനെന്ന വ്യാജേനയാണ് മുഖം മറച്ച് ദീപ്തിയെത്തിയത്. കൈയില്‍ കരുതിയിരുന്ന എയര്‍ഗണ്‍ ഉപയോഗിച്ച് മൂന്ന് തവണയാണ് ഡോക്ടര്‍ വെടിയുതിര്‍ത്തത്. ഇത് തടയാന്‍ ശ്രമിക്കവെയാണ് ഷിനിയുടെ കൈവെള്ളയില്‍ വെടിയേറ്റത്. ഷിനിയുടെ കൈവിരലിലാണ് പെല്ലറ്റ് തുളഞ്ഞുകയറിയത്.
ഷിനിയുമായി മുന്‍വൈരാഗ്യമുള്ള വ്യക്തികളുണ്ടോ എന്നതടക്കം പൊലീസ് പരിശോധിച്ചിരുന്നു. ദീപ്തിയെത്തിയ കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയെങ്കിലും വ്യാജ നമ്പറാണെന്ന് തെളിഞ്ഞിരുന്നു. തുടര്‍ന്നാണ് മുന്‍വൈരാഗ്യമുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്.
നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പിആര്‍ഒ ആണ് ഷിനി. ആരാണ് വന്നതെന്നോ അതിക്രമത്തിന്റെ കാരണം എന്തെന്നോ അറിയില്ലെന്നായിരുന്നു ഷിനി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ആക്രമിച്ചത് സ്ത്രീയാണെന്നും ഒത്ത വണ്ണവും ഉയരവുമുള്ള ഒരാളായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ മൊഴി നല്‍കിയിരുന്നു. പിന്നീട് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ആക്രമണത്തിന് പിന്നില്‍ ദീപ്തിയാണെന്ന് വ്യക്തമായത്.