കല്‍പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണം 288 ആയി ഉയര്‍ന്നു. ഇന്നത്തെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു. വൈകുന്നേരം നാലോടെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കാനായിരുന്നു നേരത്തെ തീരുമാനം. എന്നാല്‍ മഴ പെയ്തതോടെ നേരത്തെ തന്നെ നിര്‍ത്തിവെയ്ക്കുകയായിരുന്നു. ഇനിയും 240 പേരെ കണ്ടെത്താനുണ്ട്.
ബെയ്ലി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. സൈനികവാഹനം പാലത്തിലൂടെ കടന്നു. പുതിയ പാലം നിര്‍മിക്കുന്നതുവരെ ബെയ്ലി പാലം ഇവിടെയുണ്ടാകുമെന്നു സൈന്യം അറിയിച്ചു. പാലം പൂര്‍ത്തിയായതോടെ ജെസിബികള്‍ അടക്കമുള്ള വാഹനങ്ങള്‍ രക്ഷാ പ്രവര്‍ത്തനത്തിനായി മറുകരയിലേക്ക് എത്തിക്കാനാവും. കരസേനാംഗങ്ങളാണ് പാലം നിര്‍മ്മിച്ചത്.
ചൂരല്‍ മലയില്‍ ഒരു വശത്ത് കെട്ടിടങ്ങളുള്ളതിനാല്‍ പാലത്തിന്റെ തൂണ്‍ സ്ഥാപിക്കുന്നതില്‍ പ്രയാസം നേരിട്ടു. അതാണ് പാലത്തിന്റെ പണി വൈകാന്‍ കാരണം. പുഴയില്‍ പ്ലാറ്റ്ഫോം നിര്‍മ്മിച്ച് പാലത്തിന്റെ ബലമുറപ്പിക്കാനുള്ള തൂണ്‍ സ്ഥാപിക്കുകയായിരുന്നു. രാവിലെയോടെ പാലം മുണ്ടക്കൈ ഭാഗത്തേക്ക് എത്തിക്കാനാവുമെന്നാണ് കരുതുന്നത്. എങ്കിലും ഉച്ചയോടെ മാത്രമേ പാലത്തിന് മുകളില്‍ ഇരുമ്പ് തകിടുകള്‍ വിരിക്കാനാവൂ. അതിന് ശേഷമേ വാഹനങ്ങള്‍ക്ക് ഇതുവഴി മുണ്ടക്കൈ ഭാഗത്തേക്ക് പോകാനാവൂ.
രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. മന്ത്രിമാരുടെ സംഘം നിരന്തരം ക്യാമ്പുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തണമെന്നും നിര്‍ദേശിച്ചു.
ഇന്നു രാവിലെ ചാലിയാറിലാണ് ആദ്യം തിരച്ചില്‍ ആരംഭിച്ചത്. തിരയാന്‍ കൂടുതല്‍ യന്ത്രങ്ങളുമെത്തിച്ചു. 15 മണ്ണുമാന്തി യന്ത്രങ്ങള്‍ മുണ്ടക്കൈയില്‍ എത്തിച്ചു രക്ഷാപ്രവര്‍ത്തനത്തനം നടത്തി. 82 ദുരിതാശ്വാസ ക്യാംപുകളിലായി 8302 പേരുണ്ട്.