ദുരന്തഭൂമിയില്‍ വേദനയോടെ രാഹുലും പ്രിയങ്കയും

0
43

മേപ്പാടി: വയനാട്ടിലെ ദുരന്തഭൂമിയും ദുരിതാശ്വാസക്യാമ്പുകളും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദര്‍ശിച്ചു. ദുരന്തം ഏറെ വേദനിപ്പിക്കുന്നതാണെന്ന് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു. വളരെ വേദനാജകമായ സംഭവമാണിതെന്നും ആയിരങ്ങള്‍ക്കാണ് വീടും അവരുടെ സ്വന്തക്കാരെയും നഷ്ടമായത്. ഈ സാഹചര്യത്തില്‍ ജനങ്ങളോട് എന്താണ് പറയേണ്ടതെന്ന് പോലും അറിയില്ല. എന്തു പറഞ്ഞ് വയനാട്ടുകാരെ ആശ്വസിപ്പിക്കേണ്ടതെന്ന് അറിയില്ല.ഏറെ ബുദ്ധിമുട്ടേറിയ ദിവസമാണിതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യും. അവരുടെ പുനരധിവാസം ഉള്‍പ്പെടെ നോക്കേണ്ടതുണ്ട്. വയനാട്ടിലെ ജനങ്ങളുടെ വേദനയ്‌ക്കൊപ്പം നില്‍ക്കുകയാണ്. രക്ഷാപ്രവര്‍ത്തനം കാണുമ്പോള്‍ അഭിമാനമുണ്ട്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, വളണ്ടിയര്‍മാര്‍, രക്ഷാപ്രവര്‍ത്തകര്‍, സൈന്യം, ഭരണകൂടം എല്ലാവര്‍ക്കും നന്ദിയുണ്ട്. എല്ലാവരും ഒറ്റക്കെട്ടായാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. തന്നെ സംബന്ധിച്ച് ഇത് തീര്‍ച്ചയായും ദേശീയ ദുരന്തമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

കുടുംബാംഗങ്ങളെ മുഴുവന്‍ നഷ്ടപ്പെട്ടവരെ ദുരിതാശ്വാസ ക്യാംപുകളില്‍ കണ്ടു. അവരോട് എന്താണു പറയേണ്ടതെന്ന് അറിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ”തന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദിവസമാണ് ഇന്ന്. അച്ഛന്‍ മരിച്ച കുട്ടികളെ താന്‍ കണ്ടു. അവര്‍ അനുഭവിക്കുന്ന വേദന തനിക്കറിയാം. താനും ഒരിക്കല്‍ ആ വേദനയിലൂടെ കടന്നുപോയ വ്യക്തിയാണ്. ഇന്ന് മേപ്പാടിയില്‍ ആയിരക്കണക്കിന് പേരാണ് ആ വേദന അനുഭവിക്കുന്നത്.” രാഹുല്‍ പറഞ്ഞു. വയനാട്ടുകാര്‍ക്കു വേണ്ടത് സഹായമാണ്. രാജ്യം മുഴുവന്‍ വയനാടിന്റെ കൂടെയുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.

അതിഭീകര ദുരന്തമാണ് മേപ്പാടിയില്‍ ഉണ്ടായിരിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പറഞ്ഞു. ദുരന്തത്തില്‍ കുടുംബത്തെ നഷ്ടപ്പെട്ടവരെ താന്‍ കണ്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വയനാട്ടിലേക്ക് സഹായം ഒഴുകുകയാണ്. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും പ്രിയങ്കാ ഗാന്ധി അറിയിച്ചു. എല്ലാവര്‍ക്കും സാധ്യമായ കാര്യങ്ങളെല്ലാം ചെയ്യണം. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തേക്ക് തിരിച്ചുപോകേണ്ടന്നാണ് പറയുന്നത്. അവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണമെന്നും ഇക്കാര്യങ്ങളൊക്കെ ആലോചിച്ച് തീരുമാനിക്കേണ്ടതുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here