കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്ന് ഊര്‍ജിതമാക്കും. മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ ഇന്നുമുതല്‍ 6 സോണുകളായി തിരിച്ച് 40 ടീമുകളാകും തിരച്ചിലിന് രംഗത്തുണ്ടാകുക. ചാലിയാര്‍ പുഴയുടെ 40 കിലോമീറ്ററിലെ 8 പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളിലും ഇന്ന് പരിശോധന നടത്തും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മന്ത്രിമാരായ കെ രാജന്‍, മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍, ഒ കെ കേളു എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മണ്ണില്‍ പുതഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്താനായി ഡല്‍ഹിയില്‍ നിന്നും ഡ്രോണ്‍ ബേസ്ഡ് റഡാര്‍ ശനിയാഴ്ച എത്തുമെന്നും മന്ത്രിമാര്‍ അറിയിച്ചു. മൃതദേഹങ്ങളടക്കം കണ്ടെത്താന്‍ നിലവില്‍ 6 നായകളും തെരച്ചില്‍ സംഘത്തിനൊപ്പമുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും നാല് കാഡാവര്‍ നായകള്‍ കൂടി വയനാട്ടിലെത്തും.
മുണ്ടക്കൈ, ചൂരല്‍മല മേഖലയെ ആറു സോണുകളായി തിരിച്ചിട്ടുണ്ട്. അട്ടമലയും ആറന്‍മലയും ചേര്‍ന്നതാണ് ആദ്യത്തെ സോണ്‍. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാര്‍മല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാര്‍മല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്. സൈന്യം, എന്‍ഡിആര്‍എഫ്, ഡി എസ്ജി, കോസ്റ്റ് ഗാര്‍ഡ്, നേവി, എംഇജി ഉള്‍പ്പെടെയുള്ള സംയുക്ത സംഘമാണ് തെരച്ചില്‍ നടത്തുക. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും.
ചാലിയാര്‍ കേന്ദ്രീകരിച്ച് ഒരേസമയം മൂന്ന് രീതിയിലും തെരച്ചില്‍ നടത്തും. 40 കിലോമീറ്ററില്‍ ചാലിയാറിന്റെ പരിധിയില്‍ വരുന്ന എട്ട് പൊലീസ് സ്റ്റേഷന്റെ പുഴ ഭാഗങ്ങളില്‍ പൊലീസും നീന്തല്‍ വിദഗ്ധമായ നാട്ടുകാരും ചേര്‍ന്നാകും തിരച്ചില്‍ നടത്തുക. പൊലീസ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് സമാന്തരമായും തെരച്ചില്‍ നടത്തും. ഇതോടൊപ്പം കോസ്റ്റ്ഗാര്‍ഡും നേവിയും വനം വകുപ്പും ചേര്‍ന്ന് പുഴയുടെ അരികുകളും മൃതദേഹങ്ങള്‍ തങ്ങാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ചും തെരച്ചില്‍ നടത്തുമെന്ന് മന്ത്രിമാര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിമാര്‍ക്കൊപ്പം ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയും പങ്കെടുത്തു.