കല്‍പറ്റ: പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ മലനിരകള്‍ ഇടിച്ചു നിരത്തിയുള്ള റിസോര്‍ട്ടു നിര്‍മാണം വന്‍ദുരന്തമായി മാറുമെന്നുള്ളതിനുള്ള തെളിവായി മാറുകയാണ് വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം. മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന വെള്ളരി മലയുടെ താഴ്വാരത്തടക്കം നീലഗിരി ബയോസ്ഫിയറിന്റെ ഭാഗമായ കാമല്‍ ഹമ്പ് മൗണ്ടന്‍സില്‍ (ഒട്ടകക്കൂന മലനിരകളില്‍) ആയിരത്തിലേറെ റിസോര്‍ട്ടുകളും ഹോം സ്റ്റേകളുമാണുള്ളത്. യുനെസ്‌കോ അംഗീകരിച്ച രാജ്യാന്തര ജൈവവൈവിധ്യ മണ്ഡലമായ നീലിഗിരി ബയോസ്ഫിയറിന്റെ ഭാഗമാണ് ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ മേഖല.
വൈത്തിരി മുതല്‍ തമിഴ്നാട്ടിലെ നീലഗിരി വരെ വ്യാപിച്ച് കിടക്കുന്ന 2,000 മീറ്റര്‍ വരെ ഉയരമുള്ള മലനിരകളിലെ അതീവ പരിസ്ഥിതി ലോല മേഖലയിലാണ് ആയിരത്തോളം റിസോര്‍ട്ടുകളുള്ളത്. വൈത്തിരി, മേപ്പാടി, മുപ്പൈനാട് എന്നീ പഞ്ചായത്തുകളിലും തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലുമായിട്ടാണ് ഈ മലനിര വ്യാപിച്ച് കിടക്കുന്നത്. ബ്രിട്ടീഷുകാരാണ് ഈ പ്രദേശത്തെ കാമല്‍ ഹമ്പ് മൗണ്ടന്‍സ് എന്നു വിളിച്ചത്.
മലനിരകള്‍ ഇടിച്ച് യാതൊരു നിയന്ത്രണവുമില്ലാതെയാണ് റിസോര്‍ട്ടുകള്‍ വരുന്നത്. കാട്ടരുവിയിലെ നീരൊഴുക്ക് തടഞ്ഞ് തടയണകെട്ടിയാണ് ഇവര്‍ നീന്തല്‍കുളത്തിലേക്കുള്ള വെള്ളം വരെ സംഭരിക്കുന്നത്. മരംമുറിച്ചും തടയണകെട്ടിയും ഭൂപ്രകൃതിയില്‍ മാറ്റംവരുത്തിയുമുള്ള നിര്‍മ്മാണങ്ങള്‍ മേല്‍മണ്ണ് ഇളകി കനത്ത മഴയില്‍ ഉരുള്‍പൊട്ടലിന് ഇടയാക്കുമെന്ന് വിദഗ്ധരും അഭിപ്രായപ്പെടുന്നു.
റിസോര്‍ട്ടുകളുടെ ഭാഗമായി മലമുകളില്‍ മരംമുറിച്ചും മണ്ണിടിച്ചും നടത്തുന്ന നിര്‍മാണങ്ങളും തടയണകെട്ടലുമടക്കമാണ് സോയില്‍പൈപ്പിങിനും ഉരുള്‍പൊട്ടലിനും ഇടയാക്കുന്നതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ വാദം. കാമല്‍ ഹമ്പ് മൗണ്ടന്‍സും മുണ്ടക്കെ, ചൂരല്‍മല, അട്ടമല, നൂല്‍പ്പുഴ, മേപ്പാടി എന്നീ സ്ഥലങ്ങളൊക്കെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ അതീവ പരിസ്ഥിതി ലോല പ്രദേശമായി അടയാളപ്പെടുത്തിയിട്ടുള്ളതാണ്.
ടൂറിസം ഡയറക്ടര്‍ അനുമതി നല്‍കിയിട്ടുള്ളത് കേവലം 22 ഹോം സ്റ്റേകള്‍ക്കും 9 സര്‍വീസ്ഡ് അപ്പാര്‍ട്ട്മെന്റുകള്‍ക്കുമായിരിക്കെ വയനാട് ജില്ലയില്‍ മൂവായിരത്തിലേറെ റിസോര്‍ട്ടുകളും ഹോം സ്റ്റേകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സടക്കമുള്ളവയൊന്നുമില്ലാതെയാണ് അനധികൃത റിസോര്‍ട്ടുകള്‍ പെരുകിക്കൊണ്ടിരിക്കുന്നത്.
2015ല്‍ വയനാട്ടിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ദുരന്തനിവാരണ നിയമപ്രകാരം നിയന്ത്രണം കൊണ്ടുവന്നിരുന്നു. സുല്‍ത്താന്‍ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ എന്നീ നഗരസഭകളില്‍ പരമാവധി 5 നിലവരെയുള്ള കെട്ടിടങ്ങള്‍ക്കും പഞ്ചായത്തുകളില്‍ 3 നിലകെട്ടിടങ്ങള്‍ക്കുമാണ് അനുമതി നല്‍കിയിരുന്നത്. വൈത്തിരി പഞ്ചായത്തില്‍ രണ്ടുനില കെട്ടിടങ്ങള്‍ക്കു മാത്രമേ അനുമതി നല്‍കുകയുള്ളൂവെന്നും കലക്ടര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഈ നിയന്ത്രണങ്ങളെല്ലാം ലംഘിച്ച് വന്‍കിടകെട്ടിടങ്ങളാണ് വയനാട്ടില്‍ ഉയരുന്നത്.