ചെന്നൈ: മലയോര മേഖലകളെ ചൂഷണം ചെയ്തുകൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയതിനെതിരെ കേരള-തമിഴ്നാട് സര്‍ക്കാരുകള്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ദക്ഷിണേന്ത്യന്‍ ബെഞ്ച്. കേരളത്തിലെയും തമിഴ്നാട്ടിലെയും മലഞ്ചെരുവുകളില്‍ കെട്ടിട നിര്‍മാണങ്ങള്‍ക്ക് അനുമതി നല്‍കുന്നതില്‍ ട്രൈബ്യൂണല്‍ അതൃപ്തി രേഖപ്പെടുത്തി.
വയനാട് ജില്ലയില്‍ ഉരുള്‍പൊട്ടല്‍ നാശം വിതച്ചതിന്റെ പശ്ചാത്തലത്തിലാണ് ഹരിത ട്രൈബ്യൂണലിന്റെ നടപടി. ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികള്‍, കേരളത്തിലെ വയനാട്, ഇടുക്കി, തമിഴ്നാട്ടിലെ നീലഗിരി, കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍മാര്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്.
വയനാട് ഉരുള്‍പൊട്ടല്‍ എങ്ങനെ സംഭവിച്ചുവെന്ന് മാത്രമല്ല അറിയേണ്ടതെന്നും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംസ്ഥാന അധികാരികള്‍ സ്വീകരിച്ചിട്ടുള്ള പരിഹാരങ്ങളും പ്രതിരോധ നടപടികളും എന്താണെന്ന് അറിയണമെന്നും ജുഡീഷ്യല്‍ അംഗം ജസ്റ്റിസ് പുഷ്പ സത്യനാരായണ പറഞ്ഞു. ഉരുള്‍പൊട്ടല്‍ രൂക്ഷമായി ബാധിച്ച വയനാട്ടിലെ മേപ്പാടി മേഖലയിലെ ചൂരല്‍മലയും മുണ്ടക്കൈയും പാറക്കെട്ടുള്ള മേഖലയല്ല. ‘ഇത് ചുവന്ന മണ്ണാണ്. എന്തിനാണ് ഇത്രയധികം കെട്ടിടങ്ങള്‍? ഞങ്ങള്‍ക്ക് ഉത്തരം ആവശ്യമാണ്,’ ബെഞ്ച് നിര്‍ദേശിച്ചു.
മണ്ണിടിച്ചില്‍ ഉണ്ടായ വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിനെ പരിസ്ഥിതി ലോല മേഖല-1ല്‍ ഉള്‍പ്പെടുത്തി ഭൂവിനിയോഗത്തില്‍ മാറ്റം അനുവദിക്കില്ലെന്ന് പരിസ്ഥിതി വിദഗ്ധന്‍ മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.