ന്യൂഡല്‍ഹി: പശ്ചിമഘട്ടത്തെ പരിസ്ഥിതി ലോല മേഖലയാക്കാനുള്ള കരട് വിജ്ഞാപനം അഞ്ചാം തവണയും പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ആറ് സംസ്ഥാനങ്ങളിലെ 56,800 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കാനാണ് കരട് വിജ്ഞാപനം. കരട് സംബന്ധിച്ചുള്ള എതിര്‍പ്പുകള്‍ 60 ദിവസത്തിനുള്ളില്‍ അറിയിക്കണം.
2022 ജൂലൈ 6-ന് പുറപ്പെടുവിച്ചതും ഈ വര്‍ഷം ജൂണില്‍ കാലഹരണപ്പെട്ടതുമായ കരട് വിജ്ഞാപനത്തിന് സമാനമാണ് പുതിയ വിജ്ഞാപനവും. ഇത് അഞ്ചാം തവണയാണ് കേന്ദ്രം കരട് വിജ്ഞാപനം പുറത്തിറക്കുന്നത്. പലതവണ ചര്‍ച്ചകള്‍ നടന്നെങ്കിലും അന്തിമ വിജ്ഞാപനം പുറത്തിറക്കാന്‍ കഴിഞ്ഞിരുന്നില്ല. 2023ല്‍ പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടിയിരുന്നു. ഈ കാലാവധി ജൂണില്‍ അവസാനിച്ച പശ്ചാത്തലത്തിലാണ് പുതിയ വിജ്ഞാപനം ഇറക്കിയത്.
വയനാട്ടിലെ മുണ്ടക്കൈയില്‍ 300ലേറെ പേരുടെ മരണത്തിന് ഇടയാക്കിയ ഉരുള്‍പൊട്ടലിന് പിന്നാലെയാണ് കേന്ദ്രം കരട് വിജ്ഞാപനം പുറത്തിറക്കിയത്. പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടാല്‍ മേഖലയില്‍ ഖനനം, ക്വാറി, മണല്‍ ഖനനം, എന്നിവ അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും ഇല്ലാതാക്കും. നിലവിലുള്ള ക്വാറികളുടെ അടക്കം അനുമതി പരമാവധി അഞ്ച് വര്‍ഷത്തേക്കോ അല്ലെങ്കില്‍ നിലവിലെ ലൈസന്‍സിന്റെ കാലാവധി പൂര്‍ത്തിയാകുന്നത് വരെയോ മാത്രമേ ലഭിക്കൂ. ഈ മേഖലയില്‍ പുതിയ താപവൈദ്യുത നിലയം ആരംഭിക്കുന്നതിനും വിലക്കുണ്ടാവും. എന്നാല്‍ നിലവിലുള്ള താപവൈദ്യുത നിലയങ്ങള്‍ക്ക് തുടര്‍ന്നും പ്രവര്‍ത്തിക്കാം.
കേരളത്തിലെ 131 വില്ലേജുകള്‍ ഇതിന്റെ പരിധിയില്‍ വരും. വയനാട്ടില്‍ നിന്ന് 13 വില്ലേജുകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
വയനാട് മാനന്തവാടി താലൂക്കിലെ പേരിയ, തിരുനെല്ലി, തൊണ്ടര്‍നാട്, തൃശ്ശിലേരി, സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ കിടങ്ങനാട്, നൂല്‍പ്പുഴ, വൈത്തിരി താലൂക്കിലെ അച്ചൂരാനം, ചുണ്ടേല്‍, കോട്ടപ്പടി, കുന്നത്തിടവക, പൊഴുതന, തരിയോട്, വെള്ളരിമല എന്നീ വില്ലേജുകളാണ് പട്ടികയിലുള്ളത്.
എറണാകുളത്തെ കോതമംഗലം താലൂക്കിലെ കുട്ടംപുഴ, ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ 14 വില്ലേജുകളും ഇടുക്കി താലൂക്കിലെ 9 വില്ലേജുകളും പീരുമേട് താലൂക്കിലെ എട്ട് വില്ലേജുകളും തൊടുപുഴ താലൂക്കിലെ രണ്ടു വില്ലേജുകളും ഉടുമ്പുംചോല താലൂക്കിലെ 18 വില്ലേജുകളും പട്ടികയിലുണ്ട്.ഇരിട്ടി താലൂക്കിലെ രണ്ടു വില്ലേജുകളും തലശ്ശേരി താലൂക്കിലെ ഒരു വില്ലേജും പത്തനാപുരം താലൂക്കിലെ രണ്ടു വില്ലേജുകളും പുനലൂര്‍ താലൂക്കിലെ ആറ് വില്ലേജുകളും പട്ടികയിലുണ്ട്.
കാഞ്ഞിരപ്പള്ളിയിലെ കൂട്ടിക്കല്‍ വില്ലേജ്, മീനച്ചില്‍ താലൂക്കിലെ മൂന്ന് വില്ലേജുകള്‍, കൊയിലാണ്ടിയിലെ രണ്ട് വില്ലേജുകള്‍, താമരശ്ശേരിയിലെ ആറ് വില്ലേജുകള്‍, വടകരയിലെ രണ്ട് വില്ലേജുകള്‍, നിലമ്പൂരിലെ 11 വില്ലേജുകള്‍ ആലത്തൂരിലെ ഒരു വില്ലേജ്, അട്ടപ്പാടിയിലെ ആറ് വില്ലേജുകള്‍, ചിറ്റൂരിലെ മൂന്ന് വില്ലേജുകള്‍, മണ്ണാര്‍ക്കാടിലെ ഒരു വില്ലേജ്, പാലക്കാടിലെ മൂന്ന് വില്ലേജുകള്‍, കോന്നിയിലെ നാല് വില്ലേജുകള്‍, റാന്നിയിലെ മൂന്ന് വില്ലേജുകള്‍, കാട്ടാക്കടയിലെ നാലു വില്ലേജുകള്‍, നെടുമങ്ങാട്ടെ മൂന്ന് വില്ലേജുകള്‍, ചാലക്കുടിയിലെ രണ്ട് വില്ലേജുകള്‍ എന്നിവയും പട്ടികയിലുള്‍പ്പെടുന്നു.
രാജ്യത്താകെ ഗുജറാത്ത് (449 ചതുരശ്ര കിലോമീറ്റര്‍) മഹാരാഷ്ട്ര (17340 ചതുരശ്ര കിലോമീറ്റര്‍), ഗോവ (1461 ചതുരശ്ര കിലോമീറ്റര്‍), കര്‍ണാടക (20668 ചതുരശ്ര കിലോമീറ്റര്‍), തമിഴ്‌നാട് (6914 ചതുരശ്ര കിലോമീറ്റര്‍) എന്നിവയ്ക്കൊപ്പമാണ് കേരളത്തിലെ പശ്ചിമ ഘട്ട മലനിരകളും ഇതിലുള്‍പ്പെടുന്നത്.