തിരുവനന്തപുരം: ഇന്ന് കര്‍ക്കിടകം ഒന്ന്. പിതൃപുണ്യം തേടിയുള്ള ബലി തര്‍പ്പണ ചടങ്ങുകള്‍ക്കായി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ പതിനായിരങ്ങളെത്തി. പുലര്‍ച്ചെ രണ്ട് മുതല്‍ ക്ഷേത്രങ്ങളിലും സ്നാനക്കടവുകളിലുമായി ലക്ഷക്കണക്കിനാളുകള്‍ ബലിതര്‍പ്പണത്തിനെത്തി. ഉച്ചവരെ നീളും.
കാലാവസ്ഥ പ്രതികൂലമായതിനാല്‍ സ്നാനക്കടവുകളില്‍ ദേവസ്വം വകുപ്പ് പ്രത്യേക സുരക്ഷ ഒരുക്കി. അപകടസാദ്ധ്യതയുള്ള കടവുകളില്‍ ഫയര്‍ ഫോഴ്‌സിന്റെയും സ്‌കൂബാ ടീമിന്റെയും സേവനവും ഉറപ്പാക്കി.
ആലുവ ശിവ ക്ഷേത്രം,വയനാട് തിരുനെല്ലി പാപനാശം, തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം,വര്‍ക്കല പാപനാശം ,മലപ്പുറം തിരുനാവായാ നാവാ മുകുന്ദക്ഷേത്രം, കോഴിക്കോട് വരയ്ക്കല്‍ കടപ്പുറം എന്നിവിടങ്ങളിലെല്ലാം ബലി തര്‍പ്പണത്തിനായി ആയിരക്കണക്കിന് ആളുകളുടെ നീണ്ട നിരയാണ് എത്തിയത്. ഇവിടങ്ങളില്‍ വിപുലമായ സൗകര്യമാണ് ചടങ്ങുകള്‍ക്കായി ഒരുക്കിയത്.
ആലുവ മണപ്പുറത്ത് ബലി തര്‍പ്പണം പുലര്‍ച്ചെ ഒരു മണിയോടെ ചടങ്ങുകള്‍ തുടങ്ങി. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളാണ് ബലി അര്‍പ്പിക്കാന്‍ മണപ്പുറത്തെത്തിയത്.
തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തില്‍ പുലര്‍ച്ചെ 2 മണിക്ക് കര്‍ക്കടക വാവ് ബലിതര്‍പ്പണം ആരംഭിച്ചു. നൂറുകണക്കിന് വിശ്വാസികള്‍ ഇന്നലെ വൈകിട്ടോടെ ക്ഷേത്രത്തിലെത്തിയിരുന്നു. വയനാട് തിരുനെല്ലിയില്‍ പുലര്‍ച്ചെ 3 മണിക്ക് ബലിതര്‍പ്പണം തുടങ്ങി. കോഴിക്കോട് വരക്കല്‍ കടപ്പുറം അടക്കം സംസ്ഥാനത്ത് നിരവധി കേന്ദ്രങ്ങളില്‍ നിരവധി പേര്‍ ബലിയര്‍പ്പിക്കാനെത്തി.