കല്‍പ്പറ്റ: വയനാട് ഉരുള്‍ പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ട 8 പേര്‍ക്ക് ഇനി ഒന്നിച്ച് അന്ത്യവിശ്രമം. തിരിച്ചറിയാത്ത 8 പേരുടെ മൃതദേഹങ്ങള്‍ ഒരുമിച്ച് പുത്തുമലയിലെ ഹാരിസണ്‍ മലയാളത്തിന്റെ ഭൂമിയില്‍ സംസ്‌കരിച്ചു. ദുരന്തം കവര്‍ന്നവരെ കണ്ണീരോടെയാണ് നാട് യാത്രയാക്കിയത്.
മേപ്പാടിയില്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന കമ്യൂണിറ്റി ഹാളുകളില്‍ നിന്നും പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ആംബുലന്‍സില്‍ മൃതദേഹങ്ങള്‍ പുത്തുമലയിലേക്ക് എത്തിച്ചത്. സര്‍വ്വമത പ്രാര്‍ത്ഥനയ്ക്ക് ശേഷം എട്ട് പേര്‍ക്കും ആദരവോടെ അന്ത്യാഞ്ജലിയേകി.
ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരില്‍ തിരിച്ചറിയാനാകാത്ത 67 മൃതദേഹങ്ങളാണ് ലഭിച്ചത്. നേരത്തെ 67 മൃതദേഹങ്ങളും ഒരുമിച്ച് സംസ്‌കരിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റി. അഴുകിത്തുടങ്ങിയ 8 മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ഒടുവില്‍ തീരുമാനമായി. പുത്തുമലയില്‍ കഴിഞ്ഞ തവണ ഉരുള്‍പൊട്ടല്‍ ഉണ്ടായ ജനവാസമില്ലാത്ത മേഖലയിലാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. 64 സെന്റ് സ്ഥലമാണ് ഇതിനായി ഏറ്റെടുത്തത്.
പിന്നീട് ബന്ധുക്കള്‍ തിരിച്ചറിയുമെന്ന പ്രതീക്ഷയില്‍ കൃത്യമായ നമ്പറുകള്‍ രേഖപ്പെടുത്തിയാണ് ഓരോ മൃതദേഹവും സംസ്‌കരിച്ചത്. മൃതദേഹത്തിന്റെയും ശരീരത്തിലെ ആഭരണമുള്‍പ്പെടെയുള്ള വസ്തുക്കളുടെയും ചിത്രങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. ഡിഎന്‍എ സാംപിള്‍,പല്ലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയും ശേഖരിച്ചു. പൊലീസ് മൃതദേഹങ്ങള്‍ സംബന്ധിച്ച് മേപ്പാടി പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കും.
ചൂരല്‍മല സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് വികാരി ഫാ. ജിബിന്‍ വട്ടക്കളത്തില്‍, മേപ്പാടി മാരിയമ്മന്‍ കോവില്‍ കര്‍മി കുട്ടന്‍, മേപ്പാടി ജുമാമസ്ജിദ് ഖതീബ് മുസ്തഫല്‍ ഫൈസി തുടങ്ങിയവര്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. മന്ത്രിമാരായ കെ.രാജന്‍, എ.കെ.ശശീന്ദ്രന്‍, എം.ബി.രാജേഷ്, ഒ.ആര്‍.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കലക്ടര്‍ ഡി.ആര്‍.മേഘശ്രീ, സ്‌പെഷല്‍ ഓഫിസര്‍ സാംബശിവ റാവു, ജില്ലാ പൊലീസ് മേധാവി ടി.നാരായണന്‍, സബ് കലക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, മതനേതാക്കള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.