തിരുവനന്തപുരം : കര്‍ണാടകയിലെ ഷിരൂര്‍ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താന്‍ ശ്രമിക്കണമെന്ന് കര്‍ണാടകയോട് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമുന്നയിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പിണറായി കത്തയച്ചു. നിലവില്‍ തെരച്ചില്‍ നിര്‍ത്തിവെച്ചിരിക്കുന്ന് സാഹചര്യത്തിലാണ് മുഖ്യമന്ത്രി കത്തയച്ചത്.
ഇന്നലെ അര്‍ജുന്റെ കുടുംബത്തെ കോഴിക്കോട്ടെ വീട്ടിലെത്തി മുഖ്യമന്ത്രി സന്ദര്‍ശിച്ചിരുന്നു. ഉച്ചയോടെയാണ് മുഖ്യമന്ത്രി അര്‍ജുന്റെ വീട്ടിലെത്തിയത്. അര്‍ജുനെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകള്‍ കര്‍ണാടക സര്‍ക്കാരിനെ അറിയിക്കുമെന്നും ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കുടുംബാംഗങ്ങള്‍ക്ക് ഉറപ്പുനല്‍കി. ഏത് പ്രയാസങ്ങളിലും കൂടെയുണ്ടാവുമെന്ന ഉറപ്പുനല്‍കിയാണ് മുഖ്യമന്ത്രി അവിടെ നിന്നും മടങ്ങിയത്. സന്ദര്‍ശനത്തിന് പിന്നാലെയാണ് കര്‍ണാടകയ്ക്ക് കത്തയച്ചത്.
അതേസമയം, അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചില്‍ ആരംഭിക്കുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. മണ്ണിടിച്ചിലുണ്ടായ മേഖലയില്‍ കനത്ത മഴ തുടരുകയാണെന്നും കാലാവസ്ഥ പ്രതികൂലമാണെന്നും ഇതിനാല്‍ ഇപ്പോള്‍ തെരച്ചില്‍ ആരംഭിക്കുന്നതില്‍ പ്രതിസന്ധിയുണ്ടെന്നുമാണ് ഉത്തര കന്നഡ ജില്ലാ ഭരണകൂടം അറിയിക്കുന്നത്.
മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ ഇന്നലെ രാവിലെ ഷിരൂരിലെത്തിയെങ്കിലും തെരച്ചിലിന് പൊലീസ് അനുമതി നല്‍കിയില്ല. വിദഗ്ധ സഹായം ഇല്ലാതെ മാല്‍പെയെ പുഴയില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്നാണ് ഉത്തര കന്നഡ ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. ബാര്‍ജ് മൗണ്ടഡ് ഡ്രഡ്ജര്‍ ഇല്ലാതെ നിലവില്‍ തെരച്ചില്‍ സാധ്യമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.