ബെയ്‌റൂട്ട്: ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ ടെഹ്‌റാനില്‍ കൊല്ലപ്പെട്ടതിന് പ്രതികാരമായി ഏതുനിമിഷവും ഇറാന്‍ ഇസ്രയേലിനു നേരെ ആക്രമണം നടത്തിയേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. വധത്തിനു പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാന്‍ ഉടന്‍ ആക്രമണം നടത്തുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പൗരന്‍മാരോട് ലബനന്‍ വിടാന്‍ യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി. ലഭ്യമായ യാത്രാമാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തി എത്രയും വേഗം ലബനനില്‍നിന്ന് മാറാനാണ് നിര്‍ദേശം. ഇറാന്‍ പിന്തുണയ്ക്കുന്ന ലബനനിലെ ഹിസ്ബുല്ല സംഘടന തിരിച്ചടിക്കുമെന്നാണ് യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ വിലയിരുത്തുന്നത്. ഹിസ്ബുല്ലയുടെ ആക്രമണം ഉണ്ടായാല്‍ ഇസ്രയേല്‍ കനത്ത രീതിയില്‍ തിരിച്ചടിക്കുമെന്നും വിലയിരുത്തലുണ്ട്.
യുകെ, സ്വീഡന്‍, ഫ്രാന്‍സ്, കാനഡ, ജോര്‍ദന്‍ തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാരോട് ലബനന്‍ വിടാന്‍ നിര്‍ദേശിച്ചു. ബെയ്‌റൂട്ടില്‍നിന്നുള്ള നിരവധി വിമാനങ്ങള്‍ യാത്ര റദ്ദാക്കി. ഹിസ്ബുല്ല വടക്കന്‍ ഇസ്രയേലില്‍ നിരവധി റോക്കറ്റ് ആക്രമണങ്ങള്‍ ഇന്നു പുലര്‍ച്ചെ നടത്തി. പെന്റഗണ്‍ കൂടുതല്‍ യുദ്ധക്കപ്പലുകളും വിമാനങ്ങളും പ്രദേശത്ത് വിന്യസിച്ചു. യുകെയും കൂടുതല്‍ സൈനികരെ പ്രദേശത്ത് വിന്യസിച്ചു.
ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുത്തു മണിക്കൂറുകള്‍ക്കകമാണ് ഇസ്മായില്‍ ഹനിയ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഹമാസ് സൈനിക മേധാവി മുഹമ്മദ് ദായിഫിനെയും വധിച്ചെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു.