ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. രാജ്യത്ത് കത്തിപ്പടരുന്ന കലാപം രൂക്ഷമായതിനെ തുടര്‍ന്നാണ് ഷെയ്ഖ് ഹസീന രാജിവെച്ചത്. പ്രക്ഷോഭകാരികള്‍ പ്രധാനമന്ത്രിയുടെ വസതി കയ്യടക്കിയതായും റിപ്പോര്‍ട്ടുണ്ട്. ഷെയ്ഖ് ഹസീന സഹോദരി ഷെയ്ഖ് രഹാനയ്‌ക്കൊപ്പം രാജ്യം വിട്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ ഇന്ത്യയില്‍ അഭയം തേടിയതായും ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബംഗ്ലാദേശിലെ സംവരണ വിരുദ്ധ സമരത്തില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമായിരുന്നു. ഷെയ്ഖ് ഹസീനയുടെ രാജിക്കായി പ്രതിഷേധക്കാരും അവരെ നേരിടാന്‍ ഭരണകക്ഷിയായ അവാമി ലീഗ് പ്രവര്‍ത്തകരും തെരുവിലിറങ്ങി. ഏറ്റുമുട്ടലില്‍ ഇന്നലെ നൂറോളം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 14 പേര്‍ പൊലീസുകാരാണ്.
സംഘര്‍ഷം നേരിടാന്‍ ബംഗ്ലാദേശില്‍ രാജ്യവ്യാപകമായി അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷം രൂക്ഷമായതോടെ ഇന്ത്യന്‍ പൗരന്‍മാര്‍ ബംഗ്ലാദേശിലേക്ക് യാത്ര ചെയ്യുന്നത് കേന്ദ്ര സര്‍ക്കാര്‍ വിലക്കി. അതീവ ജാഗ്രത പാലിക്കാന്‍ ബംഗ്ലാദേശിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.