ലണ്ടന്‍: ഇംഗ്ലണ്ടില്‍ ലിവര്‍പൂളിനു സമീപം മൂന്ന് പെണ്‍കുട്ടികള്‍ കത്തിയാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നു പൊട്ടിപ്പുറപ്പെട്ട കലാപം പടരുന്നു. കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തിന്റെ രൂപത്തിലേക്ക് കലാപത്തിന്റെ ഗതി മാറിയിരിക്കുകയാണ്. 13 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കലാപത്തിനാണ് ഇംഗ്ലണ്ട് സാക്ഷ്യം വഹിക്കുന്നത്.
സൗത്ത്പോര്‍ട്ടില്‍ തിങ്കളാഴ്ച നടന്ന ടെയ്ലര്‍ സ്വിഫ്റ്റ് തീം ഡാന്‍സ് പാര്‍ട്ടിയില്‍ നടന്ന കത്തി ആക്രമണമാണ് സംഭവങ്ങള്‍ക്കു തുടക്കം. കുടിയേറ്റ വിരുദ്ധ പ്രതിഷേധക്കാര്‍ ഒന്നിലധികം പട്ടണങ്ങളില്‍ പോലീസുമായി ഏറ്റുമുട്ടി. നൂറുകണക്കിന് കലാപകാരികളുടെ ഒരു ജനക്കൂട്ടം അഭയാര്‍ത്ഥികള്‍ക്കുള്ള താമസസ്ഥലമായി ഉപയോഗിച്ചിരുന്ന ഹോളിഡേ ഇന്‍ എക്സ്പ്രസ് ഹോട്ടലില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചു.
ഞായറാഴ്ച സൗത്ത് യോര്‍ക്ക്ഷെയറിലെ റോഥര്‍ഹാമില്‍, മുഖംമൂടി ധരിച്ച കുടിയേറ്റ വിരുദ്ധ പ്രകടനക്കാര്‍ അഭയാര്‍ഥികളെ പാര്‍പ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു ഹോട്ടലിന്റെ നിരവധി ജനാലകള്‍ തകര്‍ത്തു.
നേരത്തെ, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, ബ്രിസ്റ്റോള്‍, ബ്ലാക്ക്പൂള്‍, ഹള്‍ തുടങ്ങിയ സ്ഥലങ്ങളിലും വടക്കന്‍ അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റിലും തീവ്ര വലതുപക്ഷ റാലികളില്‍ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു.
കത്തി ആക്രമണത്തില്‍ ആറ്, ഏഴ്, ഒമ്പത് വയസ്സുള്ള കുട്ടികളെ കൊല്ലുകയും 10 പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന ബ്രിട്ടീഷ് വംശജനായ 17 കാരനായ ആക്സല്‍ റുഡകുബാനയുടെ പശ്ചാത്തലത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന തെറ്റായ അഭ്യൂഹങ്ങളാണ് പ്രതിഷേധത്തിന് ആക്കം കൂട്ടിയത്. ഓണ്‍ലൈനില്‍ കിംവദന്തികള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.
അക്രമവുമായി ബന്ധപ്പെട്ട് 147 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.