ധാക്ക: ഒരു ജനാധിപത്യ രാജ്യം കൂടി പട്ടാളഭരണത്തിലേക്ക്. ബംഗ്ലാദേശില്‍ നടന്ന സംവരണവിരുദ്ധ പ്രക്ഷോഭത്തിന്റെ ഒഛുവില്‍ സംഭവിച്ചതിതാണ്. പ്രധാനമന്ത്രി ഷെക്ക് ഹസീനയ്ക്ക് രാജിവെച്ച് രാജ്യം വിടേണ്ടിവന്നു. പ്രക്ഷോഭകാരികള്‍ ഇതിനെ അവരുടെ വിജയമായി കണക്കാക്കുന്നു. പക്ഷേ തുടര്‍ന്ന് അധികാരം പിടിച്ചെടുത്തത് സൈന്യമാണെന്നുള്ളത് അവര്‍ കാണുന്നില്ലേ. ഇനി സൈന്യത്തിന്റെ ഉരുക്കുമുഷ്ടിയുടെ കീഴിലാകും അവിടെ ഭരണം. അവികസിത ജനാധിപത്യ രാജ്യങ്ങളിലെയെല്ലാം പ്രക്ഷോഭങ്ങളുടെയെല്ലാം അന്ത്യമിങ്ങനെ തന്നെ.
ഹസീനയുടെ രാജിവാര്‍ത്ത പ്രഖ്യാപിച്ചതും സൈനിക മേധാവിയായ ജനറല്‍ വഖാറുസ്സമാന്‍ ആണ്. ഇടക്കാല സര്‍ക്കാര്‍ വരുന്ന കാര്യവും പ്രഖ്യാപിച്ചു. ഞായറാഴ്ച രാത്രി തന്നെ ജനറല്‍ വഖാറുസ്സമാന്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ സൈന്യം ഇടപെടുമെന്ന അഭ്യൂഹവും പ്രചരിച്ചിരുന്നു.
കഴിഞ്ഞ ജൂണ്‍ 23നാണ് 3 വര്‍ഷത്തെ കാലാവധിയില്‍ ജനറല്‍ വഖാറുസ്സമാന്‍ ബംഗ്ലദേശിലെ സൈനിക മേധാവിയായത്. 15 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന ശക്തയായ ഭരണാധികാരിക്ക് രാജ്യം വിട്ടുപോകാന്‍ അദ്ദേഹം അനുവദിച്ചത് 45 മിനിറ്റ് മാത്രമാണ്.
ഹസീനയുടെ രാജിവാര്‍ത്ത ജനറല്‍ സമാന്‍ അറിയിച്ചയുടന്‍ ജനക്കൂട്ടം തെരുവുകളിലേക്ക് ആഹ്ലാദഭരിതരായി ഇറങ്ങി. ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതിയില്‍ ഇരച്ചെത്തിയ സംഘം അവിടെ കണ്ടതെല്ലാം മോഷ്ടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശ് പാര്‍ലമെന്റിലേക്ക് അതിക്രമിച്ച് കയറിയവര്‍ അവിടെ ഇരുന്ന് പുകവലിക്കുന്നതിന്റേയും സെല്‍ഫി എടുക്കുന്നതിന്റേയും വീഡിയോദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
നൂറുകണക്കിന് പേരാണ് പാര്‍ലമെന്റിലേക്ക് അതിക്രമിച്ചെത്തിയത്. ജനക്കൂട്ടം എം.പിമാരുടെ കസേരകളില്‍ ഇരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പാര്‍ലമെന്റിനുള്ളില്‍ ഇവര്‍ ബഹളം വയ്ക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തില്‍ പങ്കെടുത്തവരുടെ അനന്തരതലമുറയ്ക്ക് സര്‍ക്കാര്‍ജോലികളില്‍ 30 ശതമാനം സംവരണം നല്‍കുന്നതിനെതിരേ ജൂലൈയില്‍ നടന്ന രാജ്യവ്യാപകപ്രക്ഷോഭത്തിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ രണ്ടുദിവസമായി നടന്ന പ്രതിഷേധപ്രകടനങ്ങള്‍. ഇതിനോടകം 300-ലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.