ഡല്‍ഹി: ബംഗ്ലാദേശിലെ കലാപത്തെ തുടര്‍ന്ന് രാജ്യം വിട്ട് ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇനി എങ്ങോട്ട്. നയതന്ത്ര വിദഗ്ദ്ധര്‍ ഷെയ്ഖ് ഹസീനയുടെ അടുത്ത നീക്കമറിയാന്‍ കാത്തിരിക്കുകയാണ്. ഇപ്പോള്‍ അവര്‍ ഡല്‍ഹിയിലാണുള്ളത്. ഷെയ്ഖ് ഹസീന എവിടേക്ക് പോകുമെന്നതില്‍ ഇന്ന് വ്യക്തതയുണ്ടാകുമെന്നാണ് കരുതുന്നത്.
ഡല്‍ഹിയിലെ ഹിന്‍ഡന്‍ വ്യോമസേന താവളത്തിലാണ് ഇന്നലെ വൈകീട്ട് ആറ് മണിയോടെ ഷെയ്ഖ് ഹസീന ഇറങ്ങിയത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ രാത്രി സുരക്ഷ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭ സമിതി യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തിയിരുന്നു. ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തുടരുമെന്നാണ് ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, ബംഗ്‌ളാദേശിലെ സംഭവങ്ങളില്‍ ഇന്ത്യ ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. വിഷയത്തില്‍ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രതികരണം ഇതു വരെ നല്‍കിയിട്ടില്ല. ബംഗ്ലദേശ് സാഹചര്യം വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍ സ്ഥിതിഗതികള്‍ വിശദീകരിക്കും.
ബംഗ്ലദേശുമായുള്ള അതിര്‍ത്തിയില്‍ ബിഎസ്എഫ് അതീവജാഗ്രതാ നിര്‍ദേശം നല്‍കി. ബംഗ്ലദേശ് അതിര്‍ത്തിയിലെ ബരാക് താഴ്വരയില്‍ അസം, ത്രിപുര എന്നിവിടങ്ങളിലെ പൊലീസും ബിഎസ്എഫും ചേര്‍ന്ന് സുരക്ഷ ശക്തമാക്കി. അസം 265.5 കിലോമീറ്ററും ത്രിപുര 856 കിലോമീറ്ററുമാണ് ബംഗ്ലദേശുമായി അതിര്‍ത്തി പങ്കിടുന്നത്. അതിര്‍ത്തിയില്‍ പട്രോളിങ് ശക്തമാക്കി.
അതേസമയം, ഷെയ്ഖ് ഹസീന രാജ്യം വിട്ടിട്ടും ബംഗ്ലാദേശിലെ കലാപം ശമിച്ചിട്ടില്ല. വ്യാപക കൊള്ളയും കൊലയും തുടരുകയാണ്. 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 135 പേരാണ്.
ബംഗ്ലദേശില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദീന്‍ അനുവാദം നല്‍കി. സൈനിക വിഭാഗങ്ങളുടെ തലവന്മാര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, സമൂഹത്തിലെ പൗരപ്രമുഖര്‍ എന്നിവരുമായി പ്രസിഡന്റ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.