ന്യൂഡല്‍ഹി: ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യ വിട്ടിട്ടില്ലെന്നു ബംഗ്ലദേശിലെ സാഹചര്യം വിശദീകരിക്കാന്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍ പറഞ്ഞു. ബംഗ്ലദേശിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് എസ്.ജയ്ശങ്കര്‍ സര്‍വകക്ഷി യോഗത്തെ അറിയിച്ചു. ബംഗ്ലദേശ് സൈന്യവുമായും ഇന്ത്യ ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയ ബംഗ്ലദേശ് വ്യോമസേനയുടെ സി130ജെ വിമാനം ഹിന്‍ഡന്‍ വ്യോമസേനാത്താവളത്തില്‍നിന്ന് പോയതായി അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വിമാനത്തില്‍ ഹസീന ഉണ്ടായിരുന്നില്ലെന്നും അവര്‍ക്കൊപ്പം ഇന്ത്യയിലേക്ക് വന്ന 7 സൈനികര്‍ ബംഗ്ലദേശിലേക്ക് തിരികെ പോകുകയായിരുന്നെന്നും വാര്‍ത്താ ഏജന്‍സി എഎന്‍ഐ വ്യക്തമാക്കി.
ഷെയ്ഖ് ഹസീന ബംഗ്ലദേശ് വിടാനുണ്ടായ സാഹചര്യവും ഇന്ത്യ അവരുടെ കാര്യത്തിലെടുത്ത നടപടികളും ചര്‍ച്ചയായി. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു, ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി, കെ.സി.വേണുഗോപാല്‍, മല്ലികാര്‍ജുന്‍ ഖര്‍ഗെ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.