ഒളിമ്പിക്‌സ് ഗുസ്തി: വിനേഷ് ഫൈനലില്‍; അഭിമാന നേട്ടവും മധുരപ്രതികാരവും

0
14

പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഭിമാനമുഖമായി വിനേഷ് ഫോഗട്ട്. ഒളിമ്പിക്‌സില്‍ ഗുസ്തി ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി വിനേഷ്. ഒരു മധുരപ്രതികാരത്തിന്റെ നിമിഷം കൂടിയാണ് വിനേഷിന് ഫൈനലിലേക്കുള്ള പ്രവേശനം. സ്വന്തം രാജ്യത്ത് അധികാരികളില്‍ നിന്നും അവഗണനയും പൊലീസില്‍ നിന്ന് ദയാദാക്ഷിണ്യമില്ലാത്ത പെരുമാറ്റവും നേരിടേണ്ടതിന്റെ പകരം വീട്ടലാണ് വിനേഷിന് പാരീസ് ഒളിമ്പിക്‌സ്.

കഴിഞ്ഞ വര്‍ഷം ഡല്‍ഹി ജന്തര്‍ മന്ദിറില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായിരുന്ന ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തിയ സമരത്തിന്റെ മുന്നണി പോരാളിയായിരുന്നു വിനേഷ്. സമരമുഖത്തു നിന്ന് പൊലീസ് വിനേഷിനെ വലിച്ചിഴച്ചുകൊണ്ടു പോകുന്നതും മറ്റും ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

ഒളിമ്പിക്സില്‍ വനിതകളുടെ 50 കിലോ ഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയിലാണ് വിനേഷ് ഫോഗട്ട് ഫൈനലില്‍ പ്രവേശിച്ചത്. സെമിയില്‍ ക്യൂബയുടെ യൂസ്‌നെലിസ് ഗുസ്മാന്‍ ലോപ്പസിനെ മലര്‍ത്തിയടിച്ചാണ് വിനേഷ് ഫോഗട്ട് ഗുസ്തി ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായത്. ക്യൂബന്‍ താരത്തിനെ 5-0നാണ് വിനേഷ് വീഴ്ത്തിയത്.

നേരത്തെ യുക്രൈന്റെ ഒസ്‌കാന ലിവാച്ചിനെ മലര്‍ത്തിയടിച്ചാണ് വിനേഷ് സെമിയിലെത്തിയത്. നാളെ നടക്കുന്ന ഫൈനലില്‍ തോറ്റാലും വിനേഷിന് വെള്ളി മെഡല്‍ ഉറപ്പിക്കാം. പ്രീ ക്വാര്‍ട്ടറില്‍ നിലവിലെ ഒളിമ്പിക് ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ ജപ്പാന്റെ യു സുസാകിയെ 3-2ന് അട്ടിമറിച്ചാണ് വിനേഷ് ക്വാര്‍ട്ടറില്‍ കടന്നത്.

വിനേഷ് ഫോഗട്ടിനെ പിന്തുണച്ച് ഗുസ്തി താരം ബജ്‌രങ് പൂനിയ സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ട കുറിപ്പ് ഏറെ ശ്രദ്ധ നേടി. ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിലേക്കു സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ നിരവധി ഗുസ്തി താരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച പാരിസ് ഒളിമ്പിക്‌സില്‍ വിനേഷ് ഫോഗട്ട് സെമി ഫൈനലില്‍ കടന്നതോടെയാണ് ഈ സംഭവങ്ങള്‍ ഓര്‍മിപ്പിച്ച് ബജ്‌രങ് വൈകാരികമായി പ്രതികരിച്ചത്. ”വിനേഷ് ഫോഗട്ട് ഇന്നു തുടര്‍ച്ചയായി മത്സരങ്ങള്‍ വിജയിച്ചിരിക്കുന്നു. ലോക ചാംപ്യനും ഒളിംപിക് ചാംപ്യനുമായ ജപ്പാന്‍ താരത്തെയാണ് വിനേഷ് തോല്‍പിച്ചത്. ഈ പെണ്‍കുട്ടിയെയാണ് സ്വന്തം രാജ്യത്ത് ചവിട്ടുകയും ക്രൂരമായി വേദനിപ്പിക്കുകയും ചെയ്തത്. ഇത് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. സ്വന്തം രാജ്യത്ത് അവളെ തെരുവിലൂടെ വലിച്ചിഴച്ചു. അവള്‍ ലോകം കീഴടക്കാന്‍ പോകുകയാണ്. പക്ഷേ അവള്‍ ഈ രാജ്യത്തെ സമ്പ്രദായങ്ങള്‍ക്കു മുന്നില്‍ തോറ്റുപോയി.” ബജ്‌രങ് പൂനിയ സമൂഹമാധ്യമത്തില്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here