ഡല്‍ഹി: ബംഗ്ലാദേശില്‍ സമാധാന നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസ് പ്രധാനമന്ത്രിയാകും. നിലവിലുള്ള പാര്‍ലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ ഇടക്കാല സര്‍ക്കാരിനെ പ്രഖ്യാപിച്ചു. യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കണമെന്നായിരുന്നു പ്രക്ഷോഭം നയിക്കുന്ന വിദ്യാര്‍ഥി നേതാക്കളുടെ ആവശ്യം. നിലവില്‍ വിദേശത്തുള്ള യൂനുസ് സ്ഥാനം ഏറ്റെടുക്കാന്‍ സമ്മതിച്ചിട്ടുണ്ട്.
ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടര്‍ന്നു രാജ്യം വിട്ട മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഏതാനും ദിവസം കൂടി ഇന്ത്യയില്‍ തുടരും. ലണ്ടനിലേക്കുള്ള തുടര്‍യാത്രയ്ക്കു ചില തടസ്സങ്ങള്‍ നേരിട്ടതാണു കാരണം. ബംഗ്ലാദേശിലെ കേസുകളില്‍ നിന്നുള്ള സുരക്ഷ ഉറപ്പു നല്‍കാന്‍ ബ്രിട്ടന്‍ തയാറായില്ല എന്നാണു സൂചന. അതീവ സുരക്ഷയില്‍ രഹസ്യകേന്ദ്രത്തിലാണ് ഹസീനയും സഹോദരി രഹാനയും ഇപ്പോള്‍.
തിങ്കളാഴ്ച വ്യാപക അക്രമങ്ങള്‍ നടന്ന ബംഗ്ലാദേശില്‍ ഇന്നലെ സ്ഥിതി പൊതുവേ ശാന്തമായിരുന്നു. വര്‍ഷങ്ങളായി വീട്ടുതടങ്കലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയെ ഇന്നലെ മോചിപ്പിച്ചു. പ്രതിപക്ഷ കക്ഷിയായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാര്‍ട്ടി മേധാവിയാണ് ഖാലിദ സിയ.
തിങ്കളാഴ്ച ബംഗ്ലാദേശിലെങ്ങും നടന്ന അക്രമസംഭവങ്ങളില്‍ 114 പേരാണ് കൊല്ലപ്പെട്ടത്. ഭരണകക്ഷിയായ അവാമി ലീഗിന്റെ നേതാവ് നടത്തിയിരുന്ന നക്ഷത്ര ഹോട്ടല്‍ പ്രക്ഷോഭകര്‍ തീയിട്ടതിനെത്തുടര്‍ന്ന് ഒരു ഇന്തൊനീഷ്യന്‍ പൗരന്‍ അടക്കം 24 പേര്‍ കൊല്ലപ്പെട്ടു.