പ്രതികൂല കാലാവസ്ഥയും ചരക്കുക്ഷാമവും; റബര്‍ വില കുതിക്കുന്നു

0
33

കോട്ടയം: പന്ത്രണ്ടു വര്‍ഷത്തിനു ശേഷം റബര്‍ വില വീണ്ടും കിലോയ്ക്ക് 250 രൂപയിലേക്ക് കുതിക്കുന്നു. ഈ കുതിപ്പു കണ്ട് ആരും അമിതാഹ്ലാദപ്രകടനം നടത്തേണ്ടതില്ലെന്നു മാത്രം. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്നുണ്ടായ ചരക്കുക്ഷാമമാണ് ഇപ്പോഴത്തെ വില ഉയര്‍ച്ചയ്ക്കു പിന്നില്‍. വില കുതിച്ചുയരുമ്പോഴും വിപണിയില്‍ റബര്‍ എത്തുന്നില്ല. കനത്ത മഴ കാരണം ടാപ്പിംഗ് നടക്കുന്നില്ല. ഇത്തവണ റബറിന് ഷെയ്ഡ് ഇടാനും കര്‍ഷകര്‍ക്ക് സാധിച്ചില്ല. ഷെയ്ഡ് ഇട്ടവര്‍ക്കും കനത്ത മഴ കാരണം ടാപ്പിംഗ് നടക്കുന്നില്ല.

റബര്‍ ബോര്‍ഡ് ഇന്നലെ പ്രഖ്യാപിച്ച വില 235 രൂപയാണെങ്കിലും 241 രൂപയ്ക്കു വരെ കോട്ടയത്തു വ്യാപാരം നടന്നു. കോട്ടയത്തു തന്നെ ചുരുക്കം ചില വ്യാപാരികള്‍ 245 രൂപയ്ക്കു വരെ വ്യാപാരം നടത്തിയതായും സൂചനയുണ്ട്. 2011- 02 സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയ 283 രൂപയാണു ചരിത്രത്തിലെ റബറിന്റെ ഏറ്റവും ഉയര്‍ന്ന വില. നിലവിലെ സാഹചര്യത്തില്‍ ഈയാഴ്ച തന്നെ വില 250 ലെത്തിയേക്കാം.

രാജ്യന്തര വില ആഭ്യന്ത വിലയേക്കാള്‍ 50 രൂപ പിന്നിലാണ്. ഇന്നലെ ആര്‍.എസ്.എസ്. 4 ഗ്രേഡിന്റെ ബാങ്കോക്ക് വില 198.82 രൂപയായിരുന്നു. അതിനാല്‍ ഇറക്കുമതി ഉടനുണ്ടാകുമെന്ന് ഉറപ്പാണ്.

മഴയ്ക്ക് 10 ദിവസത്തെ ഇടവേള ലഭിച്ചു ടാപ്പിങ്ങ് സജീവമായാല്‍ വില നേരേ താഴേക്കു പോകുമെന്ന് കര്‍ഷകര്‍ക്ക് അനുഭവങ്ങളില്‍ നിന്നും വ്യകതമായിട്ടുള്ള കാര്യമാണ്. വ്യവസായികള്‍ വിപണിയില്‍ നിന്നു വിട്ടു നിന്ന് വിലയിടിക്കാനുള്ള നീക്കം നടത്തുന്ന പതിവു തന്ത്രവുമായി ഇറങ്ങും. ഇതറിയാവുന്ന ചെറുകിയ വ്യാപിരകള്‍ തങ്ങളുടെയടുത്തെത്തുന്ന റബര്‍ അപ്പോള്‍ത്തന്നെ വിറ്റൊഴിക്കുകയാണ്.

ഒട്ടുപാല്‍ വിലയും റെക്കോഡിലേക്ക് എത്തുന്നുവെന്നാണു സൂചനകള്‍. നല്ലതുപോലെ ഉണങ്ങിയ ഒട്ടുപാല്‍ നല്‍കുന്ന കര്‍ഷകന് 155 രൂപ വരെ ലഭിക്കും. 150 രൂപയ്ക്ക് മിക്കയിടങ്ങളിലും വ്യാപാരം നടക്കുന്നുണ്ട്. മില്ലുകാര്‍ 170 രൂപയ്ക്കാണ് ഒട്ടുപാല്‍ വാങ്ങുന്നത്. 2012ല്‍ ഒട്ടുപാല്‍ വില 180 രൂപയില്‍ എത്തിയിരുന്നു. അതേസമയം, ലാറ്റക്സ് വില ഇന്നലെ 3 രൂപ കുറഞ്ഞ് 245 രൂപയില്‍ എത്തി.

LEAVE A REPLY

Please enter your comment!
Please enter your name here