‘ഗുഡ്ബൈ റസ്ലിങ്, മത്സരിക്കാന്‍ കരുത്ത് ബാക്കിയില്ല. സ്വപ്നങ്ങള്‍ തകര്‍ന്നു’; ഗുസ്തിയോട് വിടപറഞ്ഞ് വിനേഷ് ഫോഗട്ട്

0
12

പാരീസ്: ഒളിമ്പിക്‌സ് ഗുസ്തി ഫൈനലിലെ അയോഗ്യതക്ക് പിന്നാലെ വിനേഷ് ഫോഗട്ട് ഗുസ്തിയോട് വിട പറയുന്നു. ‘ഗുഡ്ബൈ റസ്ലിങ്, ഇനി മത്സരിക്കാന്‍ കരുത്ത് ബാക്കിയില്ല. സ്വപ്നങ്ങള്‍ തകര്‍ന്നു’. ഗുസ്തി രംഗത്തുനിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് വിനേഷ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

ഗുസ്തി ഫൈനലിലെ അയോഗ്യതക്കെതിരെ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ കായിക കോടതിയുടെ വിധി ഇന്ന് വരാനിരിക്കെയാണ് പ്രഖ്യാപനം. വിധി അനുകൂലമെങ്കില്‍ വിനേഷ് വെള്ളി മെഡല്‍ പങ്കിടും.

ഗുസ്തിയില്‍ ഇന്ത്യയുടെ ഉറച്ച സ്വര്‍ണ പ്രതീക്ഷയായിരുന്ന വിനേഷ് ഫോഗട്ടിനെ ഫൈനലിന് മുന്‍പാണ് അയോഗ്യയാക്കിയത്. ഭാരപരിശോധനയില്‍ 100 ഗ്രാം അധികം കണ്ടെത്തിയതോടെയായിരുന്നു നടപടി. ഗുസ്തി ഫ്രീസ്‌റ്റൈല്‍ 50 കിലോ വിഭാഗത്തില്‍ മല്‍സരങ്ങളുടെ ആദ്യ ദിവസം രാവിലെ നടന്ന ഭാരപരിശോധനയില്‍ 49.9 കിലോ ആയിരുന്നു വിനേഷ് ഫോഗട്ടിന്റെ ഭാരം. 3 മത്സരങ്ങളില്‍ പങ്കെടുത്ത വിനേഷ് നിര്‍ജലീകരണം തടയാന്‍ വെള്ളം കുടിക്കുകയും വേഗം ഊര്‍ജം ലഭിക്കുന്ന പ്രോട്ടീന്‍ ഭക്ഷണം കഴിക്കുകയും ചെയ്തു. രാത്രി ഏഴിനു ശേഷം നടന്ന സെമിയിലൂടെ ഫൈനല്‍ ഉറപ്പിച്ച വിനേഷ്, പിന്നാലെ പരിശീലകര്‍ക്കൊപ്പം നടത്തിയ ഭാരപരിശോധനയില്‍ 52.7 കിലോയുണ്ടെന്ന് കണ്ടെത്തി. ഇതോടെ ഭാരം കുറയ്ക്കാന്‍ കഠിനപരിശ്രമം നടത്തി.

എന്നാല്‍ ഭാരപരിശോധനയില്‍ 100 ഗ്രാം ശരീര ഭാരം കൂടുതലുണ്ടെന്ന് സ്ഥിരീകരിച്ചു. ഉടന്‍ തന്റെ മുടി മുറിച്ച് ഭാരം കുറയ്ക്കാന്‍ വിനേഷ് ശ്രമിച്ചെങ്കിക്കും ഫലം ഉണ്ടായില്ല. അല്പസമയം കൂടി നല്‍കണമെന്ന് ഇന്ത്യന്‍ സംഘം അഭ്യര്‍ത്ഥിച്ചെങ്കിലും ചട്ടത്തില്‍ ഇളവ് നല്‍കില്ലെന്ന് അധികൃതര്‍ നിലപാട് എടുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here