ധാക്ക: ബംഗ്ലാദേശില്‍ പുതിയ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. ഇന്ത്യയുള്‍പ്പെടെ ലോകരാഷ്ട്രങ്ങള്‍ ബംഗ്ലാദേശിലെ ഭരണമാറ്റത്തെ ഗൗരവപൂര്‍വം വീക്ഷിക്കുകയാണ്. രാത്രി എട്ടോടെ ഇടക്കാല സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. പതിനഞ്ചംഗ മന്ത്രിസഭയില്‍ ആരൊക്കെയുണ്ടാകും എന്നതിനെക്കുറിച്ച് ഇനിയും വ്യക്തതയില്ല.
ഇന്ന് രാത്രി പുതിയ സര്‍ക്കാര്‍ ചുമതലയേല്‍ക്കുമെന്ന് സൈനിക മേധാവി ജനറല്‍ വഖാറുസ്സമാന്‍ അറിയിച്ചു. കലാപകലുഷിതമായ ബംഗ്ലാദേശിനെ സ്ഥിരതയിലേക്ക് നയിക്കുകയെന്ന വലിയ ഉത്തരവാദിത്തവുമായാണ് നോബേല്‍ ജേതാവ് മുഹമ്മദ് യൂനൂസ് ഇന്നു സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങുന്നത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.10ന് മുഹമ്മദ് യൂനുസ് ധാക്കയില്‍ വിമാനമിറങ്ങുമെന്നാണ് വിവരം. അക്രമങ്ങള്‍ നിയന്ത്രിക്കണമെന്നും സമാധാനം പാലിക്കണമെന്നും യൂനുസ് ആഹ്വാനം ചെയ്തിട്ടുണ്ട്.
ജയില്‍ മോചിതയായ മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ ഇന്നലെ ബിഎന്‍പി റാലിയെ അഭിസംബോധന ചെയ്തിരുന്നു. മൂന്നു മാസത്തിനകം രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് ബംഗ്ലദേശ് നാഷനല്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു സംഘം രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും സ്വതന്ത്ര ബംഗ്ലദേശിനെ സംരക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നുമാണ് ബിഎന്‍പിയുടെ ആവശ്യം.
പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് നാടുവിട്ട ഷെയ്ഖ് ഹസീന ഇപ്പോഴും ഇന്ത്യയില്‍ തുടരുകയാണ്. ലണ്ടനിലടക്കം രാഷ്ട്രീയ അഭയം ലഭിക്കില്ലെന്ന് ഉറപ്പായതോടെ അവര്‍ മറ്റ് രാജ്യങ്ങളിലേക്ക് പോകാനുള്ള ശ്രമം നടത്തുന്നുണ്ട്. മറ്റേതെങ്കിലും രാജ്യത്തു രാഷ്ട്രീയ അഭയം ലഭിക്കുന്നതുവരെ ഹസീനയ്ക്ക് ഇവിടെ തുടരാമെന്നതാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.