വഖഫ് ബോര്‍ഡ് നിയമ ഭേദഗതി ബില്ല്: ബഹളത്തില്‍ മുങ്ങി ലോക്‌സഭ

0
18

ഡല്‍ഹി: വഖഫ് ബോര്‍ഡ് നിയമ ഭേദഗതി ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചും ലോക്‌സഭയില്‍ ഭരണപക്ഷ, പ്രതിപക്ഷ ബഹളം. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ് ബില്ല് അവതരിപ്പിക്കാന്‍ ലോക്‌സഭയില്‍ അനുമതി തേടിയത്. ബില്ലിനെ കോണ്‍ഗ്രസ്, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി, ആം ആദ്മി, സിപിഎം തുടങ്ങിയ എല്ലാ പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങളും തുറന്നെതിര്‍ത്തു. ചര്‍ച്ചക്കിടെ അഖിലേഷ് യാദവും അമിത് ഷായും തമ്മില്‍ രൂക്ഷമായ തര്‍ക്കവും സഭയില്‍ നടന്നു. ബില്‍ വിശദമായ പരിശോധനക്ക് വിധേയമാക്കണമെന്ന് എന്‍ഡിഎ സഖ്യകക്ഷിയായ എല്‍ജെപി ആവശ്യപ്പെട്ടു.

ബില്‍ മതപരമായ വിഷയത്തിലുള്ള ഇടപെടലാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. അമുസ്ലീങ്ങളെ വഖഫ് ബോര്‍ഡിലുള്‍പ്പെടുത്തുന്നത് മതത്തിലുള്ള കടന്നുകയറ്റമാണ്. നാളെ മറ്റ് മതങ്ങളിലും ഇതേ നിലയില്‍ കടന്ന് കയറ്റമുണ്ടാകും. ഈ വിഭജന രാഷ്ട്രീയം ജനം അംഗീകരിക്കില്ല. ബില്‍ അവതരിപ്പിക്കാനോ, പാസാക്കാനോ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബില്ല് മുസ്ലീംങ്ങളോടുള്ള വിവേചനമാണെന്ന് വിമര്‍ശിച്ചായിരുന്നു സമാജ് വാദി പാര്‍ട്ടി രംഗത്ത് വന്നത്. സര്‍ക്കാര്‍ നിലപാട് ദുരൂഹമാണെന്നും ഭരണഘടന വിരുദ്ധമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വിമര്‍ശിച്ചു. ബില്‍ ജനദ്രോഹമെന്ന് കുറ്റപ്പെടുത്തിയ ഡിഎംകെ നേതാവ് കനിമൊഴി ബില്ല് ഭരണഘടനക്കും, ജനാധിപത്യത്തിനും എതിരാണെന്നും പറഞ്ഞു. ബില്‍ മുസ്ലീം വിരുദ്ധമല്ലെന്ന നിലപാടാണ് ജെഡിയു അംഗം രാജീവ് രഞ്ജന്‍ ലല്ലന്‍ സിംഗ് സ്വീകരിച്ചത്. ബില്‍ പിന്‍വലിക്കണമെന്ന് എന്‍സിപി ആവശ്യപ്പെട്ടു.

ബില്ലിനെതിരെ വലിയ പ്രചാരണം നടക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ബില്‍ ഇതിനോടകം തന്നെ വിതരണം ചെയ്തതാണെന്നും പൊതുമധ്യത്തില്‍ ബില്ലുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് അയക്കണമെന്ന് എന്‍സിപി നേതാവ് സുപ്രിയ സുലെ ആവശ്യപ്പെട്ടു. ബില്ല് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന പരാതിയും സുപ്രിയ സുലെ ഉയര്‍ത്തിയെങ്കിലും അത് അന്വേഷിക്കലല്ല തന്റെ ജോലിയെന്ന് സ്പീക്കര്‍ ഓം ബിര്‍ള മറുപടി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here