മേപ്പാടി: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധു വീടുകളിലും കഴിയുന്നവരെ കൂടി ഉള്‍പ്പെടുത്തിയുള്ള ഇന്ന് ജനകീയ തെരച്ചില്‍. പ്രധാന മേഖലകളിലെല്ലാം തെരച്ചില്‍ നടന്നതാണെങ്കിലും ബന്ധുക്കളില്‍ നിന്ന് കിട്ടുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന തെരച്ചില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്തെ 6 മേഖലകളാക്കി തിരിച്ചാകും തെരച്ചില്‍ നടത്തുക.
അതേസമയം, വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്നെത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിന്റെ നേത്വത്തിലുള്ള സംഘമാണ് വയനാട് സന്ദര്‍ശിക്കുന്നത്. വിവിധ വകുപ്പുകളുടെ കേരളത്തിലെ പ്രതിനിധികളും സംഘത്തെ അനുഗമിക്കും. വൈകുന്നേരം 3.30 ന് എസ്.കെ.എം.ജെ സ്‌കൂളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കുന്നുണ്ട്. അനധികൃത ഖനനവും പ്രളയവുമടക്കമുള്ള കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ നിയമപരമായി എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കണമെന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് കോടതി വ്യക്തമാക്കിയിരുന്നു. മാധ്യമ വാര്‍ത്തകളുടെയും ഹൈക്കോടതിക്ക് ലഭിച്ച കത്തിന്റെയും അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തത്. ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, വി.എം.ശ്യാംകുമാര്‍ എന്നിവരുടെ ബെഞ്ച് ആണ് കേസ് പരിഗണിക്കുക.