കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്‌നാട് ഉദ്യോഗസ്ഥരുടെ പരിശോധന. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് കേരളത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് തമിഴ്‌നാടിന്റെ പരിശോധന.മധുര സോണ്‍ ജലവിഭവ വകുപ്പ് ചീഫ് എന്‍ജിനീയര്‍ എസ്.രമേശിന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
പ്രധാന അണക്കെട്ട്, ബേബി ഡാം, എര്‍ത്ത് ഡാം, സ്പില്‍ വേ, ഗാലറി എന്നിവിടങ്ങളില്‍ പരിശോധന നടന്നു. തുടര്‍ന്ന് അണക്കെട്ടിലെ സീസ്‌മോഗ്രാഫ്, മഴമാപിനി, തെര്‍മോമീറ്റര്‍, അണക്കെട്ടിലെ ചോരുന്നവെള്ളം കൃത്യമായി പുറത്തുവിടുന്ന വീനാച്ച് എന്നിവയുടെ പ്രവര്‍ത്തനവും പരിശോധിച്ചു.
അണക്കെട്ടിലേക്കുള്ള നീരൊഴുക്കിനെക്കുറിച്ചും തമിഴ്‌നാട്ടിലേക്കു കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് സംബന്ധിച്ചും അണക്കെട്ടിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്തു. പിന്നീട് വള്ളക്കടവില്‍ നിന്ന് അണക്കെട്ടിലേക്കുള്ള റോഡും ബോട്ടിന്റെ അറ്റകുറ്റപ്പണിയും പരിശോധിച്ചു. പെരിയാര്‍ ഡാം സ്‌പെഷല്‍ ഡിവിഷന്‍ സൂപ്പര്‍വൈസിങ് എന്‍ജിനീയര്‍ സാം ഇര്‍വിന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കുമാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍മാരായ രാജഗോപാല്‍, പാര്‍ഥിപന്‍, ബാലശേഖരന്‍, നവീന്‍ കുമാര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. ഇന്നലെ രാവിലെ 6നു ജലനിരപ്പ് 131.20 അടിയായിരുന്നു.