പാരീസ്: പാരീസ് ഒളിമ്പിക്സ് പുരുഷ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ സുവര്‍ണപ്രതീക്ഷയായിരുന്ന നീരജിന് നിരാശ സമ്മാനിച്ച് ഫൈനല്‍ മത്സരം. ഫൈനലില്‍ 89.45 എന്ന സീസണിലെ തന്റെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയെങ്കിലും നീരജിന് വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇതോടെ ഇന്ത്യയ്ക്കായി രണ്ട് ഒളിമ്പിക് മെഡലുകള്‍ നേടുന്ന അഞ്ചാമത്തെ താരമെന്ന നേട്ടവും നീരജ് സ്വന്തമാക്കി. പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയുടെ അഞ്ചാം മെഡലാണിത്.
ഫൈനലില്‍ ഒരു ത്രോ മാത്രമാണ് നീരജിന് എറിയാനായത്. ബാക്കിയുള്ള അഞ്ചും ഫൗളായി. ആദ്യ ശ്രമം തന്നെ ഫൗളായതോടെ നീരജിന്റെ താളംതെറ്റി. രണ്ടാം ശ്രമത്തില്‍ വെള്ളി മെഡല്‍ നേടിയ ദൂരമെറിയാനായെങ്കിലും ബാക്കിയുള്ള ശ്രമങ്ങളെല്ലാം ഫൗളില്‍ കലാശിച്ചതോടെ നീരജ് അസ്വസ്ഥനായിരുന്നു.
ആദ്യ ശ്രമം ഫൗളായ പാകിസ്താന്റെ അര്‍ഷാദ് നദീം പക്ഷേ രണ്ടാം ശ്രമത്തില്‍ 92.97 മീറ്റര്‍ എറിഞ്ഞ് ഒളിമ്പിക് റെക്കോഡും സ്വര്‍ണവും സ്വന്തമാക്കി. 2008-ല്‍ ബെയ്ജിങ്ങില്‍ നോര്‍വെയുടെ ആന്ദ്രെസ് തോര്‍കില്‍ഡ്‌സന്‍ കുറിച്ച 90.57 മീറ്ററിന്റെ റെക്കോഡാണ് അര്‍ഷാദ് നദീം മറികടന്നത്.