യുകെയിലെ കലാപം: ന്യൂനപക്ഷ കുടിയേറ്റക്കാര്‍ക്ക് സുരക്ഷയൊരുക്കി സ്ഥാപനങ്ങള്‍

0
17

യുകെയില്‍ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ന്യൂനപക്ഷ കുടിയേറ്റ വിഭാഗത്തില്‍പെട്ടവര്‍ക്ക് സുരക്ഷയൊരുക്കി സ്ഥാപനങ്ങള്‍. ജോലിക്ക് വന്നു പോകുന്നതിനായി ടാക്‌സികള്‍ ഏര്‍പ്പാടാക്കിയും, ആശുപത്രികള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ചും, ജി പി സര്‍ജറികള്‍ നേരത്തെ അടച്ചു പൂട്ടിയുമാണ് ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന ന്യൂനപക്ഷ കുടിയേറ്റ വിഭാഗത്തില്‍ പെട്ടവര്‍ക്ക് സ്ഥാപനങ്ങള്‍ സുരക്ഷയൊരുക്കുന്നത്.

കുടിയേറ്റ വിരുദ്ധ പ്രക്ഷോഭണങ്ങളില്‍ പങ്കെടുക്കുന്നവരെയും, അവര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെയും പ്രതിഷേധത്തിനിടയിലെ അക്രമങ്ങളില്‍ പരിക്കേറ്റാല്‍ ചികിത്സക്കായി വ്യത്യസ്ത ആശുപത്രികളിലായിരിക്കും പ്രവേശിപ്പിക്കുക. ആശുപത്രികള്‍ക്കുള്ളില്‍ സംഘര്‍ഷ സാധ്യത ഒഴിവാക്കുന്നതിനാണിത്.

അതിനിടെ, വടക്കന്‍ ലണ്ടനിലെ ജി പി പ്രാക്ടീസുകളും മറ്റ് അനുബന്ധ ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാരോട് വൈകിട്ട് 5 മണിക്കോ 6 മണിക്കോ തന്നെ ജോലി നിര്‍ത്തി വീടുകളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലഹളയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ പോകേണ്ട ജീവനക്കാര്‍ക്ക് ടാക്‌സി കൂലിയും സ്ഥാപനങ്ങള്‍ നല്‍കും. ആശുപത്രികളില്‍ സുരക്ഷാ സംവിധാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

രോഗികളില്‍ നിന്നും വംശീയവെറി പൂണ്ട വാക്കുകളോ പ്രവര്‍ത്തനമോ ഉണ്ടായാല്‍ അവര്‍ക്ക് ചികിത്സ നിഷേധിക്കാവുന്നതാണെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീതിംഗ് പറഞ്ഞു. ആശുപത്രിയില്‍ ജോലിക്ക് വരുന്ന വഴിയില്‍ സന്ദര്‍ലാന്‍ഡില്‍ ചില നഴ്‌സുമാരെ കലാപകാരികള്‍ ആക്രമിച്ച പശ്ചാത്തലത്തിലായിരുന്നു ഹെല്‍ത്ത് സെക്രട്ടറിയുടെ പ്രസ്താവന.

LEAVE A REPLY

Please enter your comment!
Please enter your name here