ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് സിബിഐ, ഇ.ഡി കേസുകളില്‍ ഉപാധികളോടെ സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ബി.ആര്‍.ഗവായ്, കെ.വി.വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
17 മാസത്തെ ജയില്‍വാസത്തിനൊടുവിലാണ് സിസോദിയ പുറത്തിറങ്ങുന്നത്. 10 ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കണം. പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെന്നും എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റഷനില്‍ ഹാജരാകണമെന്നും നിര്‍ദേശമുണ്ട്. സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ നടത്തരുതെന്നും കോടതി നിര്‍ദേശിച്ചു.
ജാമ്യത്തിനായി സിസോദിയയെ വിചാരണ കോടതിയിലേക്ക് അയയ്ക്കുന്നതു നിയമവ്യവസ്ഥയെ പരിഹസിക്കുന്നതിനു തുല്യമാണെന്നു കോടതി നിരീക്ഷിച്ചു. 17 മാസമായി ജയിലില്‍ കഴിയുന്ന ഒരാളുടെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല. വേഗത്തില്‍ വിചാരണ നടത്തണമെന്ന പൗരന്റെ അവകാശം ലംഘിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.
അഴിമതി നിരോധന നിയമപ്രകാരം 2023 ഫെബ്രുവരി 26നാണു സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അതേവര്‍ഷം മാര്‍ച്ച് 9ന് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അറസ്റ്റ് രേഖപ്പെടുത്തി.