വയനാട്ടും കോഴിക്കോട്ടും പാലക്കാട്ടും മലപ്പുറത്തും ഭൂമിക്കടിയില്‍നിന്നു മുഴക്കം; ഭൂചലനമല്ലെന്ന് അധികൃതര്‍

0
16

കല്‍പറ്റ: വയനാട്ടും കോഴിക്കോട്ടും പാലക്കാട്ടും മലപ്പുറത്തും ഭൂമിക്കടിയില്‍നിന്നു മുഴക്കം കേട്ടതായി നാട്ടുകാര്‍. വയനാട്ടിലെ എടയ്ക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്ന അമ്പുകുത്തി മലയ്ക്കു സമീപത്തുനിന്നാണു വലിയ ശബ്ദം കേട്ടത്. ഇടിമുഴക്കമാണെന്നാണു നാട്ടുകാര്‍ ആദ്യം കരുതിയത്. എന്നാല്‍ ചെറിയ തോതില്‍ ഭൂമികുലുക്കവും ഉണ്ടായെന്നാണു നാട്ടുകാര്‍ പറയുന്നത്. അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ ശാസ്ത്രജ്ഞര്‍ അസാധാരണ ശബ്ദം കേട്ടതായി സ്ഥിരീകരിച്ചു.

വയനാട്ടില്‍ ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനം ഉണ്ടായ സ്ഥലങ്ങളിലെ ജനവാസ മേഖലയില്‍ നിന്ന് ആളുകളെ മാറ്റി തുടങ്ങിയതായി വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു.

എന്നാല്‍ ഭൂകമ്പമാപിനിയില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്ന് നാഷനല്‍ സീസ്‌മോളജി സെന്റര്‍ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു ഡയറക്ടര്‍ ഒ.പി.മിശ്ര പറഞ്ഞു. ഭൂകമ്പ സൂചനകള്‍ ഇല്ലെന്നു ദുരന്തനിവാരണ അതോറിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്. പ്രകമ്പനത്തിന്റെ കാരണങ്ങള്‍ പരിശോധിക്കുകയാണ്.

വയനാട്ടില്‍ അമ്പലവയല്‍ വില്ലേജിലെ ആര്‍എആര്‍എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തിമല, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണു ഭൂമിക്കടിയില്‍നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി ജില്ലാ അടിയന്തരകാര്യ നിര്‍വഹണ വിഭാഗം അറിയിച്ചത്.

അതേസമയം, കോഴിക്കോട് ചില ഭാഗങ്ങളില്‍ രാവിലെ പത്തുമണിയോടെ പ്രകമ്പനമുണ്ടായതായി നാട്ടുകാര്‍ അറിയിച്ചു. കൂരാച്ചുണ്ട് പഞ്ചായത്തില്‍ ഏഴാം വാര്‍ഡില്‍പ്പെട്ട കല്ലാനോട് പാറ അനങ്ങിയതു പോലെ വലിയ ശബ്ദം കേട്ടതായി പ്രദേശവാസികള്‍ അറിയിച്ചു. കഴിഞ്ഞ ജൂണ്‍ 27ന് ഈ മേഖലയില്‍ ഉരുള്‍പൊട്ടി പാറ ഉരുണ്ടു വീണിരുന്നു.

പാലക്കാട്ടും വിവിധ പ്രദേശങ്ങളില്‍ ഭൂമിക്കുള്ളില്‍നിന്നു മുഴക്കം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. ഒറ്റപ്പാലം പനമണ്ണ, വീട്ടാമ്പാറ, ലക്കിടി അകലൂര്‍, കോതക്കുറുശ്ശി, വാണിയംകുളം പനയൂര്‍, ചളവറയില്‍ പുലാക്കുന്നു തുടങ്ങിയ സ്ഥലങ്ങളിലാണ് ഉഗ്രശബ്ദം കേട്ടത്. രാവിലെ 10 മണിക്കും 10.30നും ഇടയിലുള്ള സമയത്താണ് ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ടത്.

പാലക്കാട് അലനല്ലൂര്‍ കുഞ്ഞിക്കുളത്താണ് പ്രകമ്പനം ഉണ്ടായത്. രാവിലെ പത്ത് മണിയോടെ തന്നെയായിരുന്നു സംഭവം നടന്നത്. പ്രകമ്പനത്തില്‍ ജനല്‍ കുലുങ്ങിയെന്നും വലിയ ശബ്ദം കേട്ടെന്നും നാട്ടുകാര്‍ പറയുന്നു.

ഒറ്റപ്പാലത്തും പ്രകമ്പനമുണ്ടായി. ഒറ്റപ്പാലം നഗരസഭ പരിധിയിലെ ചിലയിടങ്ങളിലാണ് ഉഗ്ര ശബ്ദം കേട്ടത്. രാവിലെ 10 മണിക്കും 10 30നും ഇടയിലുള്ള സമയത്താണ് ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ടതെന്നും പ്രദേശവാസികള്‍ വ്യക്തമാക്കി.

മലപ്പുറം ജില്ലയിലെ എടപ്പാളിലും പരിസരങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായും നാട്ടുകാര്‍ പറയുന്നു. രാവിലെ പത്തേകാലോടെ ശബ്ദവും ഭൂമിക്ക് ചെറിയ രീതിയില്‍ വിറയലും അനുഭവപ്പെട്ടതായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here