ന്യൂഡല്‍ഹി: ദേശീയ റെസ്ലിങ് ഫെഡറേഷനെതിരെ(ഡബ്യുഎഫ്‌ഐ) ഗുരുതര ആരോപണവുമായി വിനേഷ് ഫോഗട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. പാരിസ് ഒളിംപിക്‌സിലെ പുറത്താകലിനു പിന്നാലെയാണ് വിനേഷ് കോടതിയെ സമീപിച്ചത്.
പാരിസ് ഒളിംപിക്‌സിന്റെ ഭാഗമായി ഒളിമ്പിക് വില്ലേജിലെത്തിയ പ്രസിഡന്റ് സഞ്ജയ് സിങ് വിനേഷിന്റെ കാര്യത്തില്‍ ഇടപെടുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തിരുന്നതായി വിനേഷിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാഹുല്‍ മേത്ത ആരോപിച്ചു. വിഷയം രാജ്യപ്രാധാന്യമുള്ള വിഷയമാണെന്നും അടിയന്തരമായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം നടന്ന ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ഭാരവാഹികളെ അയോഗ്യരാക്കണമെന്നും കാട്ടി ഗുസ്തിതാരങ്ങളായ ബജ്രംഗ് പുനിയ, സാക്ഷി മാലിക് എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്.
വിഷയം സെപ്റ്റംബര്‍ 12നു പരിഗണിക്കാന്‍ മാറ്റിയ ജസ്റ്റിസ് പുരുഷൈന്ദ്ര കുമാര്‍ കൗരവ് ഹര്‍ജിയുമായി ബന്ധപ്പെട്ട സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്കും കേന്ദ്രസര്‍ക്കാരിനും നിര്‍ദേശം നല്‍കുകയും ചെയ്തു.