തിരുവനന്തപുരം: മൂന്നംഗ സംഘം വെട്ടിപരുക്കേല്‍പ്പിച്ച ഗുണ്ടാ നേതാവ് മരിച്ചു. വട്ടപ്പാറ കുറ്റിയാണി സ്വദേശി വെട്ടുകത്തി ജോയിയാണ് മരിച്ചത്. വെട്ടേറ്റ് മൂന്നു മണിക്കൂറോളം റോഡില്‍ രക്തത്തില്‍ കുളിച്ചു കിടന്ന ജോയിയെ പൊലീസ് ജീപ്പിലാണ് ആശുപത്രിയില്‍ എത്തിച്ചത്.
ഇന്നലെ രാത്രി എട്ടരയോടെ പൗഡിക്കോണം സൊസൈറ്റി ജംക്ഷനില്‍ ആയിരുന്നു സംഭവം. മൂന്നംഗ സംഘം കാറിലെത്തിയാണ് വെട്ടുകത്തിയും വടിവാളും ഉപയോഗിച്ച് ജോയിയെ വെട്ടിയത്. ഇയാളുടെ ഓട്ടോറിക്ഷയും അടിച്ചുതകര്‍ത്തു. പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്ന ജോയി മൂന്നു ദിവസം മുന്‍പാണ് ജയിലില്‍ നിന്നിറങ്ങിയത്. പൗഡിക്കോണം വിഷ്ണു നഗറിലായിരുന്നു ജോയി താമസിച്ചിരുന്നത്.
രണ്ടു കാലിലും ഗുരുതര പരുക്കേറ്റ ജോയിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. പ്രതികളെ പിടികൂടാനായിട്ടില്ല.