ഡല്‍ഹി: ഇന്ത്യക്കെതിരെ വന്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന പ്രഖ്യാപനവുമായി യു.എസ്. നിക്ഷേപ ഗവേഷണ സ്ഥാപനവും ഷോര്‍ട്ട് സെല്ലറുമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. എക്‌സില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് ഹിന്‍ഡന്‍ബര്‍ഗ് ഇക്കാര്യം അറിയിച്ചത്. ‘ഇന്ത്യയെക്കുറിച്ചുള്ള വലിയ വിവരം പുറത്തുവരും’ എന്ന ഒറ്റവരി കുറിപ്പാണ് പങ്കുവച്ചിരിക്കുന്നത്.
2023 ജനുവരിയില്‍ അദാനി കമ്പനിക്കെതിരായ വിവരങ്ങള്‍ പുറത്തുവിട്ടതും ഹിന്‍ഡന്‍ബര്‍ഗായിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിമൂല്യത്തില്‍ 72 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായിരുന്നു. വിദേശത്ത് രൂപീകരിച്ച കടലാസ് കമ്പനികളില്‍നിന്നും സ്വന്തം കമ്പനികളിലെ ഓഹരികളില്‍ നിക്ഷേപം നടത്തി ഓഹരിവില പെരുപ്പിച്ചുകാട്ടി അദാനി ഗ്രൂപ്പ് വന്‍ ലാഭം കൊയ്തു എന്നതുള്‍പ്പെടെയുള്ള ആരോപണമാണ് അന്ന് ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ടത്.
സംഭവത്തില്‍ ഇരുകമ്പനികളും തമ്മില്‍ വലിയ വാദപ്രതിവാദങ്ങളും നടന്നു. കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള ആയുധമായി പ്രതിപക്ഷവും റിപ്പോര്‍ട്ടിനെ ഉയര്‍ത്തിക്കാണിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അടുത്ത സുപ്രധാന റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് ഹിന്‍ഡന്‍ബര്‍ഗ് അറിയിച്ചിരിക്കുന്നത്.