മിസിസ് കാനഡ എര്‍ത്ത് പട്ടം നേടി കണ്ണൂരുകാരി മിലി ഭാസ്‌കര്‍. രണ്ട് കുട്ടികളുടെ അമ്മയായ മിലി ജൂലൈ അവസാനം നടന്ന മത്സരത്തിലാണ് കിരീടം നേടിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് മിലി. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ‘മാധവം’ വീട്ടില്‍ ടി.സി. ഭാസ്‌കരന്റെയും ജയയുടെയും ഏക മകളാണ്. ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ചീഫ് മാനേജരാണ് ഭാസ്‌കരന്‍. ജയ കണ്ണൂര്‍ ജില്ലാ ബാങ്ക് മുന്‍ ജനറല്‍ മാനേജരും.
കാസര്‍കോട് എല്‍.ബി.എസ്. എന്‍ജിനിയറിങ് കോളേജില്‍നിന്ന് ഇലക്ട്രോണിക്‌സില്‍ ബിരുദവും ബംഗളൂരു ജെയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഫിനാന്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്ങില്‍ മാനേജ്‌മെന്റ് ബിരുദവും ഋഷികേശില്‍നിന്ന് യോഗാധ്യാപക കോഴ്‌സും പൂര്‍ത്തിയാക്കിയിട്ടുണ്ട് മിലി. 2024 ജനുവരിയില്‍ നടന്ന മിസിസ് മലയാളി കാനഡ മത്സരമാണ് സൗന്ദര്യമത്സരത്തിലേക്ക് വഴിതുറന്നത്. മത്സരത്തിന് യോഗ്യത നേടിയ 52 പേരില്‍ കൊച്ചിയില്‍ നിന്നുള്ള ജനനി, തൃശ്ശൂരിലെ കിത്തു, കോഴിക്കോട്ടെ ചിത്ര എന്നീ മലയാളികളും ഉണ്ടായിരുന്നു. മിസിസ് കാനഡ എര്‍ത്തായി തിരഞ്ഞെടുക്കപ്പെട്ടതോടെ മിസിസ് എര്‍ത്ത് ഗ്ലോബല്‍ മത്സരത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഡല്‍ഹി മലയാളിയായ മഹേഷ് കുമാറുമായുള്ള മിലിയുടെ വിവാഹം. അതിന് ശേഷം അസെന്ററില്‍ ജോലി ചെയ്യുന്നതിനിടെയാണ് കാനഡയിലെ പ്രശസ്തമായ ഡെലോയിറ്റ് എന്ന ഓഡിറ്റ് കമ്പനിയില്‍ മാനേജറായി ചേര്‍ന്നത്. ഒന്‍പത് വര്‍ഷമായി കാനഡയില്‍ തുടരുന്ന മിലി ഇപ്പോള്‍ കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളാണ്. കാനഡയില്‍ വിദ്യാര്‍ഥികളായ തമന്ന, അര്‍മാന്‍ എന്നിവര്‍ മക്കള്‍.