പാരിസ്: രണ്ടര മണിക്കൂറിലേറെ നീണ്ട ആഘോഷപരിപാടികള്‍ക്കൊടുവില്‍ 2024 ഒളിംപിക്‌സിന് പാരീസില്‍ കൊടിയിറങ്ങി. സമാപന മാര്‍ച്ച് പാസ്റ്റില്‍, ഹോക്കിയില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീം ഗോളി പി.ആര്‍.ശ്രീജേഷും ഇരട്ടവെങ്കലം നേടിയ ഷൂട്ടിങ് താരം മനു ഭാക്കറും ഇന്ത്യന്‍ പതാക വഹിച്ചു. അടുത്ത ഒളിമ്പിക്‌സിനു വേദിയാകുന്ന ലൊസാഞ്ചലസ് നഗരത്തിന്റെ മേയര്‍ കരന്‍ ബാസ്, പാരിസ് മേയര്‍ ആനി ഹിഡാല്‍ഗോയില്‍നിന്ന് ഒളിമ്പിക് പതാക ഏറ്റുവാങ്ങി. 2028ലാണ് ലോസാഞ്ചലസ് അടുത്ത ഒളിമ്പിക്‌സിനു വേദിയാവുക.
ഫാന്‍സിന്റെ നീന്തല്‍ താരം ലിയോണ്‍ മെര്‍ച്ചന്റ് റാന്തലില്‍ ദീപവും കയ്യിലേന്തി സ്റ്റേഡിയത്തിലേക്ക് കടന്നുവന്നതോടെയാണു പരിപാടികള്‍ക്കു തുടക്കമായത്. വിവിധ രാജ്യങ്ങളുടെ പതാകകളുമായി അത്‌ലറ്റുകള്‍ സ്റ്റേഡിയത്തിലേക്കു പ്രവേശിച്ചു. വനിതാ മാരത്തണില്‍ വിജയിച്ച സിഫാന്‍ ഹസന്‍ (സ്വര്‍ണം), അസഫ ടിസ്റ്റ് (വെള്ളി), ഒബിരി ഹെലന്‍ (വെങ്കലം) എന്നിവര്‍ക്ക് വേദിയില്‍വച്ച് ഐഒഎ ചീഫ് തോമസ് ബാഷ് മെഡലുകള്‍ നല്‍കി. വനിതാ മാരത്തണ്‍ വിജയികള്‍ക്കുള്ള മെഡല്‍ സമര്‍പ്പണച്ചടങ്ങ് സമാപനത്തിന്റെ ഭാഗമായിട്ടാണു പരമ്പരാഗതമായി നടക്കുന്നത്.
ഫ്രാന്‍സിലെ ഫീനിക്‌സ് ബാന്‍ഡിന്റെ സംഗീത പരിപാടികളും അരങ്ങേറി. 70,000 ല്‍ അധികം വരുന്ന ആരാധകരാണ് സമാപനച്ചടങ്ങിനായി സ്റ്റേഡിയത്തിലെത്തിയത്. ഒളിമ്പിക്‌സിന്റെ അടുത്ത ആതിഥേയരായ യുഎസിന്റെ ദേശീയ ഗാനം ആലപിച്ചുകൊണ്ടാണ് ഒളിമ്പിക്‌സ് സമാപനച്ചടങ്ങുകള്‍ അവസാനിച്ചത്.