സുര്‍ക്കിയില്‍ പണിത തുംഗഭദ്രയ്ക്ക് സംഭവിച്ചത് കേരളത്തിനുള്ള മുന്നറിയിപ്പോ?

0
17

ബംഗളൂരു: മുല്ലപ്പെരിയാര്‍ ഡാം പോലെ സുര്‍ക്കി മിശ്രിതം ഉപയോഗിച്ച് നിര്‍മിച്ച കര്‍ണാടകയിലെ തുംഗഭദ്ര അണക്കെടിനു സംഭവിച്ചത് കേരളത്തിനുള്ള മുന്നറിയിപ്പാണോ. മുല്ലപ്പെരിയാര്‍ ഡാമിന്റെ അപകടാവസ്ഥയെക്കുറിച്ചു സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ച സജീവമായിരിക്കെയാണ് തുംഗഭദ്ര അണക്കെട്ടിന്റെ വാര്‍ത്ത വരുന്നത്.

രാജ്യത്തെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നായ തുംഗഭദ്രയുടെ ഒരു ഗേറ്റ് ശനിയാഴ്ച രാത്രി തകര്‍ന്നതിനെ തുടര്‍ന്ന് മറ്റ് 34 ഗേറ്റുകളും തുറന്നു വിട്ടിരിക്കുകയാണ്. റിസര്‍വോയറില്‍നിന്ന് ഏകദേശം 60,000 ദശലക്ഷം ഘനയടി വെള്ളം തുറന്നുവിട്ടശേഷമേ 19-ാം ഗേറ്റിനു സംഭവിച്ച കേടുപാടുകള്‍ പരിഹരിക്കാന്‍ കഴിയൂവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തുംഗഭദ്ര അണക്കെട്ടില്‍ 70 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഗൗരവമുള്ള പ്രശ്നമുണ്ടാകുന്നത്. 3.73 ക്യുബിക് കിലോമീറ്ററാണ് അണക്കെട്ടിന്റെ മൊത്തം സംഭരണശേഷി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം 28,180 ചതുരശ്ര കിലോമീറ്റര്‍ വരും. 2016 ല്‍ മഹാരാഷ്ട്രയിലെ മഹാഡില്‍ സുര്‍ക്കി മിശ്രിതംകൊണ്ടു നിര്‍മിച്ച പാലം ഒലിച്ചുപോയിരുന്നു. 88 വര്‍ഷം പഴക്കമുള്ള പാലമായിരുന്നു അത്.

ചെളിയും ചുണ്ണാമ്പു കല്ലും ശര്‍ക്കരയും കരിമ്പിന്‍ നീരും മുട്ടയുടെ വെള്ളയും മറ്റും ചേര്‍ത്തു തയാറാക്കുന്ന മിശ്രിതമാണ് സുര്‍ക്കി. സുര്‍ക്കി മിശ്രിതം ഉപയോഗിച്ചായിരുന്നു അണക്കെട്ടിന്റെ ആദ്യ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. പിന്നീടു സിമെന്റ് ഉപയോഗിച്ച് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി.

കര്‍ണാടകത്തിലെയും ആന്ധ്രയിലെയും കര്‍ഷകര്‍ വേനല്‍ക്കാലത്ത് ഉപയോഗിക്കുന്നത് ഈ അണക്കെട്ടിലെ ജലമാണ്. പശ്ചിമഘട്ടത്തില്‍നിന്ന് ഉത്ഭവിക്കുന്ന തുംഗ, ഭദ്ര നദികളില്‍നിന്നാണ് തുംഗഭദ്ര എന്ന പേര്‍ ലഭിച്ചത്. കര്‍ണാടകത്തിലൂടെ 382 കിലോമീറ്റര്‍ ഈ നദികള്‍ ഒഴുകുന്നുണ്ട്. നദികള്‍ ആന്ധ്രയില്‍ എത്തുമ്പോള്‍ ഒന്നിച്ചുചേരും.

തുംഗഭദ്ര പദ്ധതിക്ക് 1945ലാണു തറക്കല്ലിട്ടത്. ഹൈദരാബാദിലെ രാജാവും മദ്രാസ് പ്രസിഡന്‍സിയും ചേര്‍ന്നാണ് നിര്‍മാണം ആരംഭിച്ചത്. സ്വാതന്ത്യം ലഭിച്ചശേഷം മൈസൂര്‍, ഹൈദരാബാദ് സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായി മാറി. ജലം രണ്ടു സംസ്ഥാനങ്ങളും പങ്കുവയ്ക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here