ഇടുക്കി : മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ഇടുക്കി കളക്ട്രേറ്റില്‍ ഇന്ന് യോഗം ചേരുന്നു. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ശക്തമാകുന്നതിനിടെയാണ് യോഗം വിളിച്ചിരിക്കുന്നത്.
ഡാം തുറക്കേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ കൈക്കൊള്ളേണ്ട തുടര്‍ നടപടികളും യോഗം ചര്‍ച്ച ചെയ്യുമെന്നാണ് അറിയിരുന്നത്. ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്ന ആവശ്യം കേരള എംപിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു.
ഡാമിന്റെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക പരത്തുന്ന പ്രചാരണങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന ആവശ്യമുന്നയിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധശക്തമായിരിക്കുകയാണ്. വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ചുള്ള ആശങ്കകള്‍ സജീവമായത്. സുര്‍ക്കി മിശ്രിതം ഉപയോഗിച്ചു നിര്‍മിച്ച മറ്റൊരു അണക്കെട്ടായ തുംഗഭദ്രയ്ക്കുണ്ടായ തകരാര്‍ ജനങ്ങളുടെ ഭീതി ഇരട്ടിയാക്കിയിട്ടുണ്ട്.
മഴ ശക്തമാകുന്നതോടെയാണ് മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള ആശങ്കയും കേരളത്തില്‍ എക്കാലവും സജീവമാകുന്നത്. മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്തെ കനത്ത മഴ കേരളത്തിന് ആശങ്കയാണെങ്കില് തമിഴ്നാടിന് അതൊരു ആശ്വാസമാണ്. തമിഴ്നാടിന്റെ ആവശ്യവും കേരളത്തിന്റെ ആശങ്കയും പരിഹരിക്കും വിധം ഈ പ്രശ്നത്തിന് ഒരു തീരുമാനം കണ്ടെത്താന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ തമിഴ്നാട്ടില്‍ ശക്തമായ പ്രതിഷേധവും നടക്കുന്നുണ്ട്.