ആലപ്പുഴ:ചേര്‍ത്തലയിലെ യുവതിയുടെ മരണം തുമ്പപ്പൂ തോരന്‍ കഴിച്ചല്ല എന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ചേര്‍ത്തല 17- വാര്‍ഡ് ദേവീനിവാസില്‍ ജയാനന്ദന്റെയും മീരാഭായിയുടെയും മകള്‍ ഇന്ദു(42) ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചത്. തുമ്പച്ചെടി തോരന്‍ കഴിച്ചതു കൊണ്ടാണ് മരണം സംഭവിച്ചതെന്ന സംശയം കുടുംബം പൊലീസിനോട് പങ്കുവച്ചിരുന്നു.
മാനസിക വെല്ലുവിളി നേരിട്ടിരുന്ന ഇന്ദുവിന് നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു.
അടുത്തിടെ അരളിപ്പൂ കഴിച്ചതിന് പിന്നാലെ ഹരിപ്പാട് സ്വദേശിനിയായ യുവതി മരിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് തുമ്പപ്പൂ കഴിച്ച് മരണം സംഭവിച്ചതെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്ത് വന്നത്.
ഇതിനിടെയാണ് യുവതിയുടെ മരണത്തിന് പിന്നാലെ നാട്ടുചികിത്സാ രീതികളെ അവഹേളിക്കുന്ന വിധത്തില്‍ സൈബറിടത്തില്‍ അടക്കം ചില പ്രചരണങ്ങള്‍ വന്നത്. ഈ സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുവൈദ്യന്‍മാരും രംഗത്തുവന്നു. തുമ്പ കഴിച്ചാലൊന്നും ആരും മരിക്കില്ലെന്നാണ് നാട്ടുവൈദ്യന്‍മാര്‍ പറയുന്നത്. നാട്ടുരീതികളെയും ഗൃഹശീലങ്ങളെയും അപ്പാടെ തള്ളിക്കളയാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.