തിരുവനന്തപുരം: കാണംവിറ്റും ഓണമുണ്ണണമെന്നാണ് ചൊല്ല്. വില്‍ക്കാന്‍ കാണവുമില്ലാതെ നാണംകെട്ടു നില്‍ക്കുകയാണ് കേരളം. അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങളും സാമ്പത്തിക പ്രതിസന്ധിയും എല്ലാം കൂടി വല്ലാത്തൊരവസ്ഥയിലേക്കാണ് കേരളം നീങ്ങുന്നത്. എങ്ങനെ കടമെടുക്കാം എന്നുമാത്രം ചിന്തിക്കുന്ന ഒരു സര്‍ക്കാരായി മാറുകയാണ് കേരള ഗവണ്‍മെന്റ്. വരുമാനം കണ്ടെത്താനോ കൂട്ടാനോ ഉള്ള പദ്ധതികളൊന്നും ധനകാര്യവകുപ്പിനും ഇല്ല. അതിനായുള്ള ചര്‍ച്ചകളില്ല. അവരുടെ ചിന്തയില്‍ ഇപ്പോള്‍ കടമെടുപ്പു പരിധി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തി കൂട്ടാനാവുമോയെന്നുള്ളതു മാത്രമായി മാറിയിരിക്കുകയാണ്. നിത്യച്ചെലവിനു പോലും പണമില്ലാത്ത അവസ്ഥയിലേക്കു നീങ്ങുമ്പോള്‍ അതിനെ മറികടക്കാനായി കടടെടുക്കലല്ലാതെ വേറൊരു മാര്‍ഗത്തെക്കുറിച്ച് ധനകാര്യവകുപ്പിലെ സാമ്പത്തിക വിദ്ഗ്ദ്ധര്‍ പരിശോധിക്കുന്നില്ല.
അതിഗൗരവമായ അവസ്ഥയിലേക്കാണ് കേരളം നീങ്ങുന്നത്. ഡിസംബര്‍ വരെ വെറും 3700 കോടി രൂപ മാത്രമാണ് കടമെടുക്കാന്‍ അവശേഷിക്കുന്നത്. മൂന്ന് മാസം 3700 കോടികൊണ്ട് എങ്ങനെ തള്ളിനീക്കുമെന്ന ഉത്കണ്ഠയിലാണ് ധനവകുപ്പ്. ഡിസംബവര്‍വരെ 21,253 കോടി കടമെടുക്കാനാണ് കേരളത്തെ അനുവദിച്ചിരുന്നത്. ഇതില്‍ 3700 കോടി ഒഴികെയുള്ളത് ഇതിനോടകം കടമെടുത്തു കഴിഞ്ഞു. ഡിസംബറിനുശേഷം മാര്‍ച്ചുവരെ കേന്ദ്രം എത്ര അനുവദിക്കുമെന്നും ഇപ്പോള്‍ നിശ്ചയമില്ല. കടപരിധിയില്‍ മാറ്റംവരുത്താനുള്ള തീരുമാനം ഇതുവരെ കേന്ദ്രത്തില്‍ നിന്ന് ഉണ്ടായിട്ടില്ല. കടപരിധി നിര്‍ണയിക്കുന്ന കേന്ദ്രമാനദണ്ഡത്തിനെതിരേ കേരളം നല്‍കിയ കേസ് സുപ്രീംകോടതി ഭരണഘടനാബെഞ്ചിന് വിട്ടിട്ടുണ്ട്.
ഓണക്കാലമാണ് വരുന്നത്. ഓണം ആഘോഷിക്കാന്‍ പോലും പണമില്ലാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍. സപ്ലൈകോ 500 കോടി ആവശ്യപ്പെട്ടിട്ടുണ്ട്. ബോണസ്, ഉത്സവബത്ത, ഓണം അഡ്വാന്‍സ് എന്നിവ നല്‍കുന്നതിന് 700 കോടി രൂപ വേണം. അസംഘടിത മേഖലയില്‍ ഉള്‍പ്പെടെ ആനുകൂല്യം നല്‍കാന്‍ 600 കോടി വേണം.
ക്ഷേമപെന്‍ഷന്‍ കുടിശ്ശികയില്‍ രണ്ടുഗഡു ഈവര്‍ഷം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് പാലിക്കണമെങ്കില്‍ ഒരു ഗഡു ഓണത്തിനും മറ്റൊന്ന് ക്രിസ്മസിനും നല്‍കണം. കുടിശ്ശിക ചേര്‍ത്ത് ഓണത്തിന് രണ്ടുമാസത്തെ പെന്‍ഷന്‍ നല്‍കാന്‍ 1900 കോടി രൂപ വേണം.