ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. തുടര്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് ഇഡി ഉടന്‍ നോട്ടീസ് നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. കേസില്‍ 751 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി നേരത്തെ കണ്ടുകെട്ടിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയെ മൂന്ന് ദിവസവും രാഹുല്‍ ഗാന്ധിയെ അഞ്ച് ദിവസവും നേരത്തെ ഇ ഡി ചോദ്യം ചെയ്തിരുന്നു. സോണിയയെ വീണ്ടും ചോദ്യം ചെയ്യുമോയെ്‌നനതിനെക്കുറിച്ച് വ്യക്തതയില്ല.
ലോക്‌സഭയില്‍ കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ നടത്തിയ ചക്രവ്യൂഹ പ്രസംഗത്തിനിടെ ഇ.ഡി തന്നെ ചോദ്യം ചെയ്യാന്‍ ആലോചിക്കുന്നതായി രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കായി താന്‍ കാത്തിരിക്കുകയാണെന്നാണ് രാഹുല്‍ അന്ന് അറിയിച്ചത്.