ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിച്ച് നിലവില്‍ ആശങ്ക വേണ്ടെന്നും അനാവശ്യ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍. മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി. ഡാം തുറക്കേണ്ടി വന്നാല്‍ മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കാര്യങ്ങള്‍ വിശകലനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ചുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇടുക്കി കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി റോഷി അഗസ്റ്റിന്‍. ഡാം തുറക്കേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ കൈക്കൊള്ളേണ്ട തുടര്‍ നടപടികളും യോഗം ചര്‍ച്ച ചെയ്തു.
ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്ന ആവശ്യം കേരള എംപിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. ഡാമിന്റെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക പരത്തുന്ന പ്രചാരണങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും സജീവമാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന ആവശ്യമുന്നയിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്.