മാധബിയെ വെല്ലുവിളിച്ച് ഹിന്‍ഡന്‍ബര്‍ഗ്; പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം; പ്രതികരിക്കാതെ കേന്ദ്രസര്‍ക്കാര്‍

0
27

ഡല്‍ഹി: സെബി ചെയര്‍പേഴ്‌സണെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ കേന്ദ്രസര്‍ക്കാര്‍ മൗനം തുടരുമ്പോള്‍ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം. അതേസമയം, ‘സെബി’ മേധാവി മാധബി ബുച്ചിനെതിരായ ആരോപണങ്ങള്‍ കടുപ്പിച്ചും വെല്ലുവിളിച്ചും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് രംഗത്തെത്തി.

മാധവി ബുച്ച് രാജിവെക്കണമെന്നും അന്വേഷണത്തിനായി സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വിഷയത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. ഓഹരി വിപണിയിലെ തട്ടിപ്പ് കാരണം നിക്ഷേപകരുടെ സമ്പാദ്യം നഷ്ടപ്പെട്ടാല്‍ ആര് ഉത്തരവാദിത്തം പറയുമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ചോദ്യം. പ്രധാനമന്ത്രി പാര്‍ലമെന്ററി സമിതി അന്വേഷണത്തെ ഭയപ്പെട്ടത് എന്തുകൊണ്ടെന്ന് വ്യക്തമായെന്നും പുതിയ സാഹചര്യത്തില്‍ വിഷയം സുപ്രീംകോടതി സ്വമേധയാ പരിശോധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, പ്രതിപക്ഷം നിലപാട് കടുപ്പിക്കുമ്പോഴും കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ പ്രതികരണത്തിന് തയ്യാറായിട്ടില്ല. സെബിയും അദാനി ഗ്രൂപ്പും മാധവി ബുച്ചിനും ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. സെബി ചെയര്‍പെഴ്‌സണ്‍ മാധവി ബുച്ചിനും ഭര്‍ത്താവിനും അദാനിയുടെ നിഴല്‍ കമ്പനികളില്‍ നിക്ഷേപം ഉണ്ടെന്ന ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് ശനിയാഴ്ചയാണ് പുറത്തുവന്നത്. അദാനി ഗ്രൂപ്പിനെതിരായ സെബിയുടെ അന്വേഷണം വൈകിയതിന് പിന്നില്‍ ഈ ബന്ധമാണെന്നും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനിടെ, അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ടു മൊറീഷ്യസിലും ബെര്‍മുഡയിലുമുള്ള രണ്ടു ഫണ്ടുകളില്‍ നിക്ഷേപമുണ്ടെന്നു മാധബി പരസ്യമായി സ്ഥിരീകരിച്ചെന്നാണു ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ ആരോപണം. ഇന്ത്യയിലും പുറത്തുമുള്ള മാധബിയുടെ നിക്ഷേപ വിവരങ്ങള്‍ പുറത്തുവിടുമോ എന്നും ഹിന്‍ഡന്‍ബര്‍ഗ് വെല്ലുവിളിക്കുന്നു.

ആരോപണങ്ങള്‍ നിഷേധിച്ചും സ്വഭാവഹത്യ നടത്താനാണു ശ്രമമമെന്നു ചൂണ്ടിക്കാട്ടിയും മാധബിയും ഭര്‍ത്താവ് ധാവല്‍ ബുച്ചും പ്രസ്താവന ഇറക്കിയതിനു പിന്നാലെയാണു ഹിന്‍ഡന്‍ബര്‍ഗ് നിലപാട് കടുപ്പിച്ചത്. ”ഗൗതം അദാനിയുടെ മൂത്ത സഹോദരനായ വിനോദ് അദാനിയുടെ പണത്തിനൊപ്പം ബെര്‍മുഡ/മൗറീഷ്യസ് ഫണ്ട് ഘടനയിലെ നിക്ഷേപത്തെപ്പറ്റി പരസ്യമായി സ്ഥിരീകരിക്കുന്നതാണു മാധബിയുടെ പ്രതികരണം. അദാനി ഡയറക്ടറായിരുന്ന തന്റെ ഭര്‍ത്താവിന്റെ ബാല്യകാല സുഹൃത്താണു ഫണ്ട് നടത്തിയതെന്നും അവര്‍ സ്ഥിരീകരിച്ചു” ഹിന്‍ഡന്‍ബര്‍ഗ് എക്‌സില്‍ അഭിപ്രായപ്പെട്ടു.

സിംഗപ്പൂരിലെ കണ്‍സള്‍ട്ടിങ് സ്ഥാപനം വരുമാനമോ ലാഭമോ പോലുള്ള സാമ്പത്തിക കാര്യങ്ങള്‍ പരസ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. മാധബി സെബിയില്‍ ഉണ്ടായിരുന്ന സമയത്ത് ഈ സ്ഥാപനം എത്ര പണം സമ്പാദിച്ചുവെന്ന് അതിനാല്‍ അറിയാനാവില്ല. സെബിയുടെ മുഴുവന്‍ സമയ അംഗമായി സേവനമനുഷ്ഠിക്കുമ്പോള്‍ ഭര്‍ത്താവിന്റെ പേരില്‍ ബിസിനസ് ചെയ്യാന്‍ മാധബി സ്വകാര്യ ഇമെയില്‍ ഉപയോഗിച്ചു. പൂര്‍ണ സുതാര്യതയ്ക്കുള്ള പ്രതിബദ്ധത വാഗ്ദാനം ചെയ്യുന്ന മാധബി, സിംഗപ്പൂരിലെയും ഇന്ത്യയിലെയും കണ്‍സള്‍ട്ടിങ് സ്ഥാപനങ്ങളിലെയോ മറ്റേതെങ്കിലും സ്ഥാപനത്തിലോ ഉള്ള ക്ലയന്റുകളുടെ മുഴുവന്‍ പട്ടികയും ഇടപെടലുകളുടെ വിശദാംശങ്ങളും പരസ്യമാക്കുമോ? പൂര്‍ണവും സുതാര്യവും പൊതുവുമായ അന്വേഷണത്തിനു തയാറാകുമോ?” ഹിന്‍ഡന്‍ബര്‍ഗ് ചോദിച്ചു.

അദാനിക്കെതിരെ സെബി കാര്യമായ അന്വേഷണം നടത്താതിരുന്നത് അതിന്റെ മേധാവിക്ക് ഇതേ വിദേശ കടലാസ് സ്ഥാപനങ്ങളിലുള്ള നിക്ഷേപമാണെന്നാണു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ പ്രധാന ആരോപണം. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) നിയന്ത്രണപരിധിയില്‍ ഇന്ത്യയില്‍ തന്നെ ഒട്ടേറെ നിക്ഷേപ അവസരങ്ങളുള്ളപ്പോള്‍, നാമമാത്രമായ ആസ്തികളുള്ള ഇത്തരം വിദേശഫണ്ടുകളിലാണ് സെബി മേധാവിയും ഭര്‍ത്താവും നിക്ഷേപം നടത്തിയതെന്നും ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here