തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴയും കാസര്‍കോടും ഒഴികെ മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്ര മഴ പെയ്യും. ഇവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇടിമിന്നലോട് കൂടിയ മഴയ്ക്ക് ഈ ദിവസങ്ങളില്‍ സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ശക്തമായ മഴ പെയ്യുന്ന പ്രദേശങ്ങളില്‍ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ കരുതിയിരിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
അതേസമയം, വയനാട്ടില്‍ കനത്ത മഴ തുടരുകയാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ അതിതീവ്ര മഴ പെയ്തുകൊണ്ടിരിക്കുകയാണ്. വയനാട് ദുരന്തം നടന്ന മേപ്പാടി, മൂപ്പൈനാട്, പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്യുന്നത്. കടച്ചിക്കുന്ന്, വടുവന്‍ചാല്‍ മേഖലയില്‍ മൂന്ന് മണിക്കൂറിനിടെ 100 മില്ലിമീറ്റര്‍ മഴ പെയ്തെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ ഹ്യൂം അറിയിച്ചിട്ടുണ്ട്. കുറുമ്പാലക്കോട്ടയില്‍ അതിശക്തമായ മഴയാണ്. മലവെള്ളപ്പാച്ചിലിന് സാധ്യതയുണ്ടെന്നും ഹ്യൂമിന്റെ അറിയിപ്പില്‍ പറയുന്നു.
ഇന്ന് മധ്യ പടിഞ്ഞാറന്‍ അറബിക്കടലിലും മധ്യ കിഴക്കന്‍ അറബിക്കടലിലും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ കാറ്റ് വീശും. ഇത് മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ വീശാനും സാധ്യതയുണ്ട്. തെക്കന്‍ കേരളം തീരം അതിനോട് ചേര്‍ന്ന ലക്ഷദ്വീപ് പ്രദേശം മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്ന മധ്യ കിഴക്കന്‍ അറബിക്കടല്‍, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.