ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചില്‍ ഇന്നു വീണ്ടും ആരംഭിക്കും. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് നിര്‍ത്തിവെച്ച ദൗത്യമാണ് ഏറെ അനിശ്ചിതത്വങ്ങള്‍ക്കുശേഷം വീണ്ടും പുനരാരംഭിക്കുന്നത്. തെരച്ചില്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഉത്തര കന്നഡ ജില്ലാ കളക്ടര്‍, കാര്‍വാര്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തെരച്ചില്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.
ഇന്ന് ഗംഗാവലി പുഴയില്‍ നാവികസേന പരിശോധന നടത്തും. ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താന്‍ സോണാര്‍ പരിശോധനയും നടത്തും. പുഴയിലെ അടിയൊഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ദൗത്യം പുനരാരംഭിക്കുന്നത്. നേവിയുടെ നേതൃത്വത്തില്‍ മാത്രമായിരിക്കും ഇന്നത്തെ പരിശോധന.
ദൗത്യം പുനരാരംഭിക്കാന്‍ വൈകുന്നതില്‍ അര്‍ജുന്റെ കുടുംബം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തെരച്ചില്‍ ആരംഭിച്ചില്ലെങ്കില്‍ ഷിരൂരില്‍ കുടുംബം ഒന്നടങ്കം പ്രതിഷേധിക്കുമെന്നാണ് അര്‍ജുന്റെ സഹോദരിയുടെ ഭര്‍ത്താവ് ജിതിന് നേരത്തെ പ്രതികരിച്ചത്.