വയനാട് പുനരധിവാസത്തിനായി വിശദമായ റിപ്പോര്‍ട്ട് തയാറാക്കുന്നു

0
16

തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍പെട്ടവരുടെ പുനരധിവാസത്തിനായി വിശദമായ റിപ്പോര്‍ട്ട് തയാറാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട് സന്ദര്‍ശനത്തിനു ശേഷം വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്.

നാശനഷ്ടങ്ങളുടെ കണക്കുകളും പ്രത്യേക വില്ലേജ് മാതൃകയിലുള്ള പുനരധിവാസ പദ്ധതിയും ഉള്‍പ്പെടുത്തി കേരളം തയാറാക്കുന്ന നിവേദനം 10 ദിവസത്തിനകം കേന്ദ്രത്തിന് കൈമാറും. റിപ്പോര്‍ട്ട് വേഗം തയാറാക്കി സമര്‍പ്പിക്കാന്‍ തദ്ദേശ-റവന്യൂ വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വയനാട് കലക്ടറുടെ നേതൃത്വത്തില്‍ റവന്യൂ-തദ്ദേശ സ്ഥാപന വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തയാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ സംസ്ഥാന തലത്തില്‍ വിവിധ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ ചീഫ് സെക്രട്ടറി ക്രോഡീകരിക്കും. തുടര്‍ന്ന് മന്ത്രിസഭയുടെ അനുമതിയോടെ കേന്ദ്രത്തിന് കൈമാറും.

ജീവനും സ്വത്തിനും പുറമെ വയനാട് ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ 350 ഏക്കറിലുണ്ടായ കൃഷിനാശത്തിനും നഷ്ടപരിഹാരം ആവശ്യമാണ്. ആഗോള താപനത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും ആഘാതം കേരളത്തെയും ബാധിച്ചെന്നും ഇതിന്റെ പ്രതിഫലനമാണ് അടിക്കടിയുണ്ടാകുന്ന പ്രവചനാതീതമായ പ്രകൃതിദുരന്തങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഇതു നേരിടാന്‍ മതിയായ സജ്ജീകരണങ്ങള്‍ ആവശ്യമാണെന്നും ആവശ്യപ്പെട്ടു.

ജിയളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, ഇന്ത്യ മെറ്ററോളജിക്കല്‍ വകുപ്പ്, നാഷനല്‍ സീസ്മോളജി സെന്റര്‍, നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വിസസ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രത്യേക സെന്ററുകളും അത്യാധുനിക പഠന സൗകര്യമുള്ള പ്രാദേശിക ഓഫിസുകളും സംസ്ഥാനത്ത് ആരംഭിക്കണമെന്ന ആവശ്യവും മെമ്മോറാണ്ടത്തില്‍ കേരളം ഉള്‍പ്പെടുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here