ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടി ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിലുള്ള സംഘം തെരച്ചില്‍ ആരംഭിച്ചു. വൈകിട്ട് 4.15ഓടെയാണ് ഗംഗാവലി പുഴയില്‍ തെരച്ചില്‍ ആരംഭിച്ചത്. വൈകിട്ടോടെ ഷിരൂരിലെത്തിയ ഈശ്വര്‍ മല്‍പെയും സംഘവും നാലേ കാലോടെ ബോട്ടിലാണ് പുഴയിലേക്ക് നീങ്ങിയത്.
കരയോട് ചേര്‍ന്നുള്ള സ്ഥലത്തുള്ള സ്ഥലത്താണ് ഇപ്പോള്‍ പരിശോധന. പുഴയിലിറങ്ങിയ മല്‍പെ മൂന്നു തവണ മുങ്ങിതാണു. പുഴയുടെ ഒഴുക്ക് ഉള്‍പ്പെടെ നോക്കി കരുതലോടെയായിരിക്കും പുഴയുടെ മധ്യഭാഗത്തേക്ക് നീങ്ങിയുള്ള പരിശോധന നടത്തുക ഇന്ന് രണ്ടു മണിക്കൂര്‍ മാത്രമായിരിക്കും പരിശോധനയുണ്ടാകുക. നാളെ എസ് ഡിആര്‍ എഫ്, എന്‍ഡിആര്‍എഫ് അംഗങ്ങളെ എത്തിച്ചുകൊണ്ട് വിപുലമായ തെരച്ചില്‍ ആരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. നിലവില്‍ ഗംഗാവലി പുഴയുടെ അടിയൊഴുക്ക് കുറഞ്ഞിട്ടുണ്ട്.
അതേസമയം, കാര്‍വാര്‍ എംഎല്‍എ സതീഷ് സെയിലിന്റെ ആരോപണം കേരളം തള്ളി.തൃശൂരിലെ ഡ്രെഡ്ജര്‍ തെരച്ചിലിനു അനുയോജ്യമല്ലെന്നു നേരത്തെ അറിയിച്ചിരുന്നതാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.കര്‍ണാടക സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചു എന്നും സര്‍ക്കാര്‍ വിശദീകരിച്ചു.തൃശൂരില്‍ നിന്ന് ഡ്രജിംഗ് മെഷീന്‍ എത്തിക്കണമെന്ന ആവശ്യം കേരളം പരിഗണിച്ചില്ലെന്നും എംപിയും എംഎല്‍എയും അനുകൂലമായി പ്രതികരിച്ചില്ലെന്നുമായിരുന്നു സതീഷ് സെയിലിന്റെ ആരോപണം.
കാര്‍വാര്‍ എംഎല്‍എയുടെ വാദം തൃശൂര്‍ ജില്ലാ ഭരണകൂടവും തള്ളി.തൃശൂരിലെ ഡ്രഡ്ജര്‍ പ്രായോഗികമല്ലെന്ന് കര്‍ണാടക രേഖാമൂലം അറിയിച്ചെന്ന് തൃശ്ശൂര്‍ ജില്ലാ ഭരണകൂടം വ്യക്തമാക്കി.
കാര്‍വാര്‍ കളക്ടറെ കഴിഞ്ഞ അഞ്ചിന് ഇക്കാര്യം രേഖാമൂലം അറിയിച്ചിട്ടുണ്ട്.കേരളത്തില്‍നിന്ന് വിദഗ്ധസംഘം അവിടെ എത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രായോഗികമല്ലെന്ന് അറിയിച്ചതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.